UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Port എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Port എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

യുക്രെയിനില്‍ നിന്ന് മടങ്ങാന്‍ വിമാനസൗകര്യം ഏർപ്പടുത്തണം

 

യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നു പോരാന്‍ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യാഗവണ്മെന്റ്  നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്‍പ്പെടുത്തണം. 

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്കി.

2021, ഏപ്രിൽ 3, ശനിയാഴ്‌ച

കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം


 

2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി 2021 ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ട്?   മുഖ്യമന്ത്രി മറുപടി പറയണം.

യു.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും. നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. നമ്മുടെ നാടിന്റെ വികസന കുതിപ്പ് ഈ പദ്ധതിയുടെ സാക്ഷാത്കാരവും.

കേരളത്തിലെ വികസന കുതിപ്പ് ലക്ഷ്യംവെച്ചാണ് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ചു ഐക്യജനാധിപത്യമുന്നണി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്.

2019 ഡിസംബറിൽ പദ്ധതി യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് UDF സർക്കാർ 2015ൽ  നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടതു സർക്കാർ അധികാരത്തിലേറിയതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്.  അൻപത് ശതമാനം പണി പോലും പൂർത്തീകരിക്കാൻ  ഇടതു സർക്കാരിന്റെ അലംഭാവം കൊണ്ട് സാധിച്ചിട്ടില്ല.

കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം


#OCspeaks |   #Election2021 |   #OommenChandy

2021, മാർച്ച് 3, ബുധനാഴ്‌ച

വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ യു ഡി എഫ് സർക്കാർ

 


ഒരു കാലത്ത് കേരളത്തിന് അന്യമായിരുന്ന വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ  യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ഭാവിയിലുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ മുൻനിർത്തിയാണ് അവ ഓരോന്നും നടപ്പാക്കിയത് . എന്നാൽ അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൽ ഡി എഫ് സർക്കാർ പൂർണ്ണ പരാജയമാണ് .

#ldfagainstkeraladevelopment

#keralaelection2021

#election2021

2412 


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

കാര്‍ഗോ വിമാനങ്ങളുടെ നിരോധനം കയറ്റുമതിയുടെ നടുവൊടിച്ചു. അടിയന്തരമായി പിന്‍വലിക്കണം.

വിദേശ കാര്‍ഗോ വിമാനങ്ങളെ ആറു വിമാനത്താവളങ്ങളൊഴികെ മറ്റിടങ്ങളിലെല്ലാം നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ കയറ്റുമതിയുടെ നടുവൊടിച്ചെന്നു  ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരോധനം അടിയന്തരമായി പിന്‍വലിക്കണം.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഗോ വിമാന സര്‍വീസുള്ളത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നുമുള്ള എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുടെ കാര്‍ഗോ സര്‍വീസ് നിലച്ചു.

ഇതോടെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍  തുടങ്ങിയവയുടെ കയറ്റുമതിയില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചത്. പ്രളയവും കോവിഡ് മഹാമാരിയും മൂലം വന്‍ തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ കാര്‍ഷിമേഖലയ്ക്ക് ഇത് മറ്റൊരു കനത്ത തിരിച്ചടിയായി.

കേരളത്തില്‍നിന്നുള്ള ഉല്പന്നങ്ങള്‍ കിട്ടാതെ വിദേശമലയാളികളും പ്രതിസന്ധി നേരിടുന്നു. ഗള്‍ഫിലുള്ള വിദേശ മലയാളികള്‍ അവിടങ്ങളിലുള്ള കേരള മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്ന സാമ്പത്തിക പ്രക്രിയയാണ് നിലച്ചത്.

2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്ത്


പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണം. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണം.

സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.

പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായി.

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവില്‍ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്‌സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടര്‍ന്ന് ഫാക്ടറി നടത്താന്‍ ആര്‍്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കര്‍ കണ്ണായ സ്ഥലത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാന്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗണ്‍മൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎല്‍ സ്ഥാപനങ്ങള്‍ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയര്‍ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയര്‍ ഉണ്ട്. സ്ഥലമെടുപ്പു മുതല്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിര്‍ക്കേണ്ടതാണ്.

കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണം.

2020, ജൂൺ 9, ചൊവ്വാഴ്ച

വന്ദേഭാരത് മിഷനില്‍ പ്രവാസികള്‍ക്ക് വരാന്‍ വളരെ കുറച്ച് വിമാനങ്ങള്‍


ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ ഉള്ളത്. വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ വിമാനങ്ങള്‍ നല്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തുനല്കി.

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ എയര്‍ ഇന്ത്യ 2020 ജൂണ്‍ 10 മുതല്‍ ജൂലൈ ഒന്ന് വരെയും എയര്‍ ഇന്ത്യ എക്‌സപ്രസ് ജൂണ്‍ 9 മുതല്‍ ജൂണ്‍ 23 വരെയും പ്രഖ്യാപിച്ച മിഷനില്‍ 19 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്കുള്ളത്. ഷെഡ്യൂള്‍ പ്രകാരം എയര്‍ ഇന്ത്യ ജൂണില്‍ 9 വിമാനങ്ങള്‍ സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍ 23 വരെ 10 വിമാനങ്ങള്‍ സൗദി ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് അയയ്ക്കുന്നത്. 19 വിമാനങ്ങളില്‍ മൊത്തം 4100 ഓളം പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിയുക.

മെയ് 4 വരെ 4.27 ലക്ഷം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫില്‍ നിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 3.89 ലക്ഷം പേരാണ്. ഇതില്‍ യുഎഇയില്‍ നിന്നു മാത്രം 2,04,263 പേരുണ്ട്. പിന്നീടുള്ളവര്‍ എംബസികളിലാണ് രജിസ്റ്റര്‍ ചെയ്തത്. ഈ രീതിയിലാണെങ്കില്‍ ഒരു വര്‍ഷം ആയാല്‍പ്പോലും കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനാകില്ല.

അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം ഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്.

വന്ദേഭാരത് മിഷനില്‍ ജൂണ്‍ 30 വരെ ഡല്‍ഹിയില്‍ നിന്നു 3 വിമാനങ്ങള്‍ മാത്രമാണ് കൊച്ചിയിലേക്കുള്ളത്. രണ്ടെണ്ണം തിരുവനന്തപുരത്തേക്കും. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ധാരാളം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന പ്രവാസികളെ ക്വാറന്റീനിലാക്കി ഹോട്ടലുകളിലേക്കാണ് അയയ്ക്കുന്നത്. വലിയ തുകയാണ് ഇതിനു ചെലവ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കുമൊക്കെ താങ്ങാവുന്നതിനപ്പുറം.

അമേരിക്ക, യൂറോപ്പ്, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തുന്നതിന് ദിവസവും ഒരു വിമാനമെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണം.

വിദേശരാജ്യങ്ങളില്‍ മൂന്നുമാസമായി കുടങ്ങിക്കിടക്കുന്നവര്‍ മാനസികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടിലാണ് . ജൂലൈ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും അനായാസം നാട്ടിലെത്തിക്കാം.

2019, ഡിസംബർ 16, തിങ്കളാഴ്‌ച

വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന്റെ ആത്മാർത്ഥമായ പിന്തുണയില്ലാ


വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന്റെ ആത്മാർത്ഥമായ പിന്തുണയില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടത്ര പിന്തുണ നല്കാതിരുന്നതുകൊണ്ടാണ്. പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് യുഡിഎഫ് സര്‍ക്കാരിന് ഉറപ്പ് നല്കിയിരുന്നതാണ്. പക്ഷേ, അതു നടപ്പായില്ല. വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വപ്‌ന പദ്ധതിയാണ്.

അതുകൊണ്ട് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റവും വലിയ
ത്യാഗം സഹിച്ചത് അവിടെയുള്ള മത്സ്യത്തൊഴിലാളികളാണ്. പക്ഷേ അവരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാതെ കിടക്കുന്നു. അതും അടിയന്തരമായി ശ്രദ്ധിക്കുകയും പരിഹാരനാടപടികൾ സ്വീകരിക്കുകയും വേണം.

2018, ഡിസംബർ 10, തിങ്കളാഴ്‌ച

കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല; വിവാദത്തിനില്ല; ഇത് സന്തോഷിക്കേണ്ട നിമിഷം


‘കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. എന്താണ് എങ്ങനെയാെണന്ന് അവര്‍ക്ക് നന്നായി അറിയാം. ഞാനേതായാലും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണ്.’ 

കണ്ണൂര്‍ വിമാനത്താവളം എന്നത് കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണ്. 2017ല്‍ തന്നെ ഉദ്ഘാടനം നടത്താനായി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഐഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹകരണം വിമാനത്താവളത്തിന്റെ വര്‍ക്ക് ഷെഡ്യൂളില്‍ താമസം വരുത്തി. എന്നിട്ടും റണ്‍വേയുടെ പണി നൂറ് ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെര്‍മിനലിന്റെ പണി മാത്രമായിരുന്നു. അതും 80 ശതമാനം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂര്‍ വിമാനത്താളം യാഥാര്‍ഥ്യമായതില്‍ സന്തോഷം.

2017, ജൂൺ 6, ചൊവ്വാഴ്ച

വിഴിഞ്ഞത്തെ തളര്‍ത്തരുത്... പ്ലീസ്


ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടി വീണത്. സി ആന്‍ഡ് എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്ക-ണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതോടെ വീണ്ടും ആശങ്ക പടര്‍ന്നു. എന്നാല്‍ തുറമുഖ കരാറിനെക്കുറിച്ച് അന്വേഷിക്കുവാൻ  മൂന്നംഗ കമ്മീഷനെ നിയോഗിക്കുവാനും പദ്ധതിയുടെ പ്രവര്‍ത്തനം തുടരാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷന്റെ പ്രവര്‍ത്തനം തുടരട്ടെ. 

ഇതിനിടയില്‍ ധൃതഗതിയിലുള്ള പ്രവര്‍ത്തനം തുടരണം എന്നൊരൊറ്റ അഭ്യര്‍ത്ഥനയേയുള്ളൂ. വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നിട്ടില്ല എന്നതാണ് ഈ വിവാദം കൊണ്ട് വ്യക്തമാകുന്നത്. 25 വര്‍ഷമായി പദ്ധതിയെ തളര്‍ത്താനും തകര്‍ക്കാനും ശ്രമിച്ചവര്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. സി ആന്‍ഡ് എ.ജിയില്‍ നുഴഞ്ഞു കയറാന്‍ വരെ അവര്‍ക്ക് സാധിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിഴിഞ്ഞത്തിനെതിരെ മത്സരിക്കാന്‍ ആദ്യം കുളച്ചല്‍ ലോബിയുണ്ടായിരുന്നു. അതിനെ നമ്മള്‍ അതിജീവിച്ചെങ്കിലും കൊളംബോ തുറമുഖം ഇപ്പോഴും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. 

വിഴിഞ്ഞം വൈകിയപ്പോള്‍ ചൈനീസ് കമ്പനിയുടെ നേതൃത്വത്തില്‍ കൊളംബോ തുറമുഖം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വലിയ മുന്നേറ്റം നടത്തി. കൊളംബോയില്‍ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചു മുമ്പോട്ടു പോകുവാന്‍ വിഴിഞ്ഞത്തെ എത്രയും വേഗം സജ്ജമാക്കുന്നതിനു പകരം വിവാദങ്ങളുയര്‍ത്തി വീണ്ടും പദ്ധതിയുടെ പാളം തെറ്റിക്കാനാണ് ചിലരുടെ ശ്രമം. 

രണ്ടര പതിറ്റാണ്ടിനുള്ളില്‍ കേരളം നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് വിഴിഞ്ഞത്ത് പണി തുങ്ങിയത്. പലവട്ടം പാഴായ ശ്രമങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി അതിനെ മറികടക്കുവാനുള്ള ശ്രമമാണ് ഒടുവില്‍ വിജയിച്ചത്. വിപുലമായ തയാറെടുപ്പോടെയും നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുമാണ് പദ്ധതി നടപ്പാക്കിയിത്. മനുഷ്യസാധ്യമായ രീതിയില്‍ എല്ലാം സുതാര്യതയോടെയാണ് ചെയ്തത്.
എന്നിട്ടും ഇതു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും പിശകുകളുമൊക്കെ കടന്നുകൂടിയിരിക്കുന്നു. പദ്ധതിക്ക് പരസ്യമായി തുരങ്കം വയ്ക്കാന്‍ ശ്രമിച്ചയാള്‍ കണ്‍സള്‍ട്ടന്റായി സി എ ജിയുടെ പരിശോധനാസമിതിയില്‍ കടന്നുകൂടിയതില്‍ ദുരൂഹതയുണ്ട്. ഇദ്ദേഹം പദ്ധതിക്കെതിരെ എഴുതിയ ലേഖനത്തിലെ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു. വസ്തുതാപരമായ പിശകുകള്‍പോലും കടന്നുകൂടി. എ.ജി.യുടെ റിപ്പോര്‍ട്ടിലെ വസ് തുതാ വിരുദ്ധമായ കാര്യങ്ങളും നടപടി ക്രമങ്ങളിലെ തെറ്റുകളും സി ആന്‍ഡ് എ.ജി.യെ അറിയിക്കുന്നതാണ്. 

താരതമ്യത്തിനു തയാറുണ്ടോ

വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്തെ കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിച്ചിരുന്നു എന്നും ഇപ്പോഴത്തെ കരാര്‍ അദാനിയുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നുമാണ് മുഖ്യ ആക്ഷേപം. ഈ സാഹചര്യത്തിലാണ് രണ്ടു കരാറുകള്‍ സംബന്ധിച്ച് താരതമ്യപഠനം വേണമെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്. രണ്ട് കരാറുകളിലെയും വ്യവസ്ഥകള്‍ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ താല്പര്യം ആരാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകും. വി.എസ്. അച്യുതാനന്ദന്‍ താരതമ്യ പഠനത്തെ അനുകൂലിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അച്യുതാനന്ദന്‍ പറയുന്നതാണ് ശരിയെങ്കില്‍ അതു ബോധ്യപ്പെടുത്തുവാന്‍ കിട്ടുന്ന അവസരം അദ്ദേഹം പാഴാക്കില്ലല്ലോ.

സംസ്ഥാന സര്‍ക്കാരും അദാനിയുമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ കരാര്‍ ആയിട്ടാണ് വിഴിഞ്ഞം കരാറിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. വലിയ പ്രചാരണം കൊടുത്ത് ആഗോള ടെണ്ടര്‍ വിളിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അതിലൂടെ ഉറപ്പിച്ച കരാര്‍ ആണിത്. ആഗോള ടെണ്ടറില്‍ അഞ്ചു കമ്പനികള്‍ ടെണ്ടര്‍ കൊടുക്കുവാനുള്ള യോഗ്യത നേടി. മൂന്നു കമ്പനികള്‍ ടെണ്ടര്‍ ഫോമുകള്‍ വാങ്ങി. ക്വാളിഫിക്കേഷന്‍ ഘട്ടത്തിനു ശേഷം ടെണ്ടര്‍ വാങ്ങിയ എല്ലാവരുമായി നടത്തിയ പ്രീബിഡ് മീറ്റിംങ്ങുകള്‍ക്ക് ശേഷം, 'അന്തിമ കരട് കരാര്‍' ടെണ്ടര്‍ വാങ്ങിയ മൂന്നു കമ്പനികള്‍ക്ക് ലഭ്യമാക്കി. ഇവരില്‍ അദാനിയുടെ കമ്പനി മാത്രമാണ് സാമ്പത്തിക ബിഡ് സമര്‍പ്പിച്ചത്. 

മൂന്ന് കമ്പനികള്‍ക്കും നല്‍കിയിട്ടുള്ള അന്തിമ കരട് കരാറില്‍ , കരാര്‍ ഒപ്പിടുന്ന ഘട്ടത്തിലോ പിന്നീടോ ഒരൂ മാറ്റവും വരുത്തിയിട്ടില്ല. അത് ടെണ്ടര്‍ നിയമപ്രകാരം സാധ്യവുമല്ല. എന്നിട്ടും അദാനിക്കു വേണ്ടി മാത്രം എന്തോ വലിയ സഹായങ്ങള്‍ ചെയ്തു എന്ന പ്രതീതി വരുത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നു. അനേകായിരം കോടി രൂപയുടെ ലാഭം കരാറുകാരന് ഉണ്ടെന്നു പറയുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളു. ഇത്ര ലാഭകരമായ ടെണ്ടറെങ്കില്‍ സാമ്പത്തിക ബിഡ് നല്‍കുവാന്‍ ഒരു കമ്പനി മാത്രം വന്നത് എന്തുകൊണ്ട്? 

സാമ്പത്തിക ക്ഷമതയില്ല

പി.പി.പി. പ്രോജക് ടുകള്‍ക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) അനുവദിക്കുന്നതു കേന്ദ്ര ധനകാര്യ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സാമ്പത്തിക ക്ഷമത ഇല്ലെന്നു ബോധ്യപ്പെടുന്ന പദ്ധതികള്‍ക്ക് മാത്രമാണ്. കേന്ദ്ര ധനകാര്യ സെക്രട്ടറി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സ്) അധ്യക്ഷനായും കേന്ദ്ര എക്സ്- പെന്‍ഡിച്ചര്‍ സെക്രട്ടറി, കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി, കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള വി.ജി.എഫ് ഉന്നതതല എംപവേര്‍ഡ് കമ്മിറ്റിയാണ് വിഴിഞ്ഞത്തിന്റെ പദ്ധതി രേഖകള്‍ പരിശോധിച്ചത്. ഈ കമ്മിറ്റിയാണ് വി.ജി.എഫ്. തുകയായ 818 കോടി രൂപ ശുപാര്‍ശ ചെയ് തതും . ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വി.ജി.എഫ് അംഗീകരിച്ച് ഉത്തരവ് നല് കിയിട്ടുള്ളതും. 

വി.എസ്. അച്യുതാനന്ദന്റെ കാലത്തു നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ് (International Finance Corporation- ലോകബാങ്കിന്റെ ഉപസ്ഥാപനം) പദ്ധതി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തതു വിഴിഞ്ഞത്തിനു സാമ്പത്തിക ക്ഷമത ഇല്ലെന്നും സംസ്ഥാനത്തിന്റെ വിഹിതം വര്‍ധിപ്പിക്കണമെന്നുമാണ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് പദ്ധതിയുടെ 85 ശതമാനം മുതല്‍ മുടക്ക് സര്‍ക്കാര്‍ വഹിക്കണമെന്നും, 30 വര്‍ഷത്തേയ്ക്ക് യാതൊരു വരുമാന വിഹിതവുമില്ലാതെ ഗ്രാന്റോടുകൂടി സ്വകാര്യ പങ്കാളിക്കു നടത്തുവാന്‍ നൽകണമെന്നുമായിരുന്നു (IFC Strategic Option Report 2010). ഇതൊക്കെ പരിഗണിച്ചുവേണം വിമര്‍ശകര്‍ ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ കൊള്ളലാഭം കണക്കുകൂട്ടാന്‍. 

കേന്ദ്ര ധനകാര്യ വകുപ്പിന്റെയും വി.എസ്. അച്യുതാനന്ദന്‍ നിയോഗിച്ച ഐ.എഫ്.സി.യുടെയും റിപ്പോര്‍ട്ടുകള്‍, വിഴിഞ്ഞത്തിന്റെ വമ്പിച്ച സാമ്പത്തിക ക്ഷമത സംബന്ധിച്ച എ.ജി.യുടെ നിഗമനം എത്രമാത്രം യഥാര്‍ത്ഥ്യമെന്ന സംശയം ബലപ്പെടുത്തുന്നു. നാല് ഗവണ്‍മെന്റുകളുടെ കാലത്തുണ്ടായ എല്ലാ ടെണ്ടറുകളിലും ഉണ്ടായ തണുത്ത പ്രതികരണവും ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. 

കരാറുകാരന് വലിയ വരുമാനം ലഭിക്കുമെന്ന് പറയുന്ന എ.ജി. റിപ്പോര്‍ട്ട് തന്നെ കരാറുകാരന്റെ ഇക്യൂറ്റി ഐ.ആര്‍.ആര്‍ പതിനാറ് ശതമാനം മാത്രമാണെന്ന് പറയുന്നു. ഇതുതന്നെ വലിയ വൈരുധ്യമാണ്. കാരണം ഇത്തരം പദ്ധതികളില്‍ 16 ശതമാനം അനുവദനീയമായ ഇക്യൂറ്റി ഐ.ആര്‍.ആര്‍ ആണ്. ഇടതു സര്‍ക്കാരിന്റെ തുറമുഖ ഡിസൈന്‍ പ്രകാരം 650 മീറ്റര്‍ നീളമുള്ള ബര്‍ത്തും 14,000 ടി.ഇ.യു.വരെ ശേഷിയുമുള്ള കപ്പലാണ് തുറമുഖത്ത് അടുക്കാന്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ യു.ഡി.എഫ് ഡിസൈനില്‍ അത് 800 മീറ്ററും 24,000 ടി. ഇ. യു വരെ ശേഷിയുള്ള കപ്പലായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ശേഷി കൂടിയ മദര്‍ഷിപ്പിനുവരെ ഈ തുറമുഖത്ത് അടുപ്പിക്കാം.

വൈദഗ് ധ്യമാണ് പ്രധാനം

അദാനിക്കു പകരം കേരളത്തില്‍ നിന്നു തന്നെ പദ്ധതിക്കു മൂലധന നിക്ഷേപം കണ്ടെത്താന്‍ കഴിയുമായിരുന്നു എന്നാണ് വേറൊരു പ്രചാരണം. മൂലധന നിക്ഷേപമല്ല വിഴിഞ്ഞം പദ്ധതിയുടെ പ്രശ് നം. നിലവില്‍ കടുത്ത ആഗോള മത്സരം നേരിടുന്ന തുറമുഖ വ്യവസായ മേഖലയില്‍ അതിന്റെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വൈദഗ് ദ്ധ്യവും കാര്യക്ഷമതയും തെളിയിച്ചിട്ടുള്ള പങ്കാളിയെയാണ് ആവശ്യം. 

സാമ്പത്തിക ക്ഷമതയില്ലെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വിഴിഞ്ഞം പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ അത്തരമൊരു പങ്കാളിക്കേ സാധിക്കൂ. സര്‍ക്കാര്‍ മൂലധനം മുടക്കി നിര്‍മ്മിച്ച് സ്വകാര്യ പങ്കാളിക്കു നടത്തിപ്പിന് നല്കുന്ന, അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ടെണ്ടറിലും ഇത്തരത്തിലുള്ള കമ്പനികള്‍ മുന്നോട്ടു വന്നില്ല. നാം നേരത്തെ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതു മൂലധനനിക്ഷേപത്തിലല്ല മറിച്ച് ഇത്തരത്തിലുള്ള കമ്പനികള്‍ മുമ്പോട്ടു വന്നില്ല എന്നതിലാണ്.

കരാര്‍ കാലാവധി ആദ്യം 30 വര്‍ഷവും, പിന്നീട് 40 വര്‍ഷവും ആക്കി എന്നതാണ് ഏറ്റവും വലിയ ആക്ഷേപം. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ സംസ്ഥാന തുറമുഖങ്ങള്‍ക്കായുള്ള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റ് ആണ് കേരള സര്‍ക്കാര്‍ കരാര്‍ തയ്യാറാക്കാനായി അംഗീകരിച്ചത്. 2014 മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഇതിന്റെ ഉത്തരവിലും കാലാവധി 40 വര്‍ഷം തന്നെയായിരുന്നു. മത്സ്യബന്ധന തുറമുഖത്തിലെ യൂസര്‍ഫീ കരാറുകാരന് പിരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ദുഷ് പ്രചാരണം. ഇക്കാര്യത്തില്‍ കരാറില്‍ ഒരു അവ്യക്തതയും ഇല്ല. കരാറിലെ 12.6.10 വ്യവസ്ഥ പ്രകാരം 'The obligation of the Concessionaire for and in respect of the fishing harbour forming part of Funded Works, shall be restricted to the construction thereof. For the avoidance of doubt, the parties expressly agree that the operation and maintenance of fishing harbour shall, at all times, be undertaken by the Authortiy'.

പദ്ധതിക്കു സ്വതന്ത്ര എഞ്ചിനീയറെ വച്ചിട്ടില്ല എന്നുള്ള പ്രചാരണവും വാസ്തവ വിരുദ്ധമാണ്. കരാര്‍ വ്യവസ്ഥ പ്രകാരം STUP എന്ന സ്ഥാപനത്തെ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ നിയമിച്ചിട്ടുണ്ട്. ടെണ്ടര്‍ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും അങ്ങേയറ്റം സുതാര്യമായും നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ചുമാണ് ചെയ് തിട്ടുള്ളത്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ് ആന്‍ഡ് സ്റ്റോര്‍ പര്‍ച്ചേഴ്‌സ്), പ്രിന്‍സിപ്പല്‍ സെക്രട്ടറി (തുറമുഖം), സെക്രട്ടറി (നിയമം), മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവര്‍ അംഗങ്ങളായുള്ള എംപവേര്‍ഡ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 

ടെണ്ടറുകള്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശയോടെ ഞാന്‍ അധ്യക്ഷനായുള്ള വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ബോര്‍ഡ് പരിശോധിക്കുകയും പിന്നീട് അത് ഫിനാന്‍സിന്റെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയോടുകൂടി മന്ത്രിസഭ പരിഗണിക്കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സര്‍വകക്ഷി യോഗം വിളിച്ച ശേഷമാണ് ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചതും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതും. 

വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക ക്ഷമത തുടക്കത്തില്‍ കുറവായതിനാലാണ് വി.ജി.എഫ്. നല്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടി വരുന്നതെങ്കിലും ആദ്യഘട്ടം വിജയം കണ്ടാല്‍ യാതൊരു സര്‍ക്കാര്‍ മുതല്‍ മുടക്കുമില്ലാതെ കരാറുകാര്‍ അടുത്ത ഘട്ടങ്ങള്‍ നിര്‍മ്മിക്കേണ്ടതും അതില്‍ നിന്നുള്ള വരുമാന വിഹിതം സംസ്ഥാന ഖജനാവിനു നല്‌കേണ്ടതുമാണ്. ഇത്തരത്തില്‍ പദ്ധതി വിജയം കണ്ടാല്‍ മൊത്ത വരുമാനത്തിന്റെ (ലാഭവിഹിതത്തിന്റെയല്ല) 40 ശതമാനം വരെയുള്ള തുക സംസ്ഥാനത്തിനു ലഭിക്കും. ഇത് ഭാവിയില്‍ സംസ്ഥാനത്തിനു വലിയ വരുമാന സ്രോതസാകും. പദ്ധതികൊണ്ട് സംസ്ഥാനത്തിനുണ്ടാക്കുന്ന മറ്റു നേട്ടങ്ങള്‍ക്കു പുറമേയാണിത്.

കേരളം എന്തുനേടി

ഒരു ഇടുക്കി ഡാമും നെടുമ്പാശേരി വിമാനത്താവളവും ഒഴിച്ചാല്‍ 60 വര്‍ഷംകൊണ്ട് കേരളം എന്തുനേടി? എത്രയെത്ര പദ്ധതികളാണ് വിവാദങ്ങളില്‍ തട്ടി തകര്‍ന്നത്? ഈ സ്ഥിതിക്കു മാറ്റം ഉണ്ടാക്കുവാനാണ് യു.ഡി.എഫ് അഞ്ചു വര്‍ഷം ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി മുതലായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചത്. ഇതിനു എല്ലാവരുടെയും പിന്തുണ ലഭിച്ചത് ഞാന്‍ വിസ് മരിക്കുന്നില്ല.

അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കുവാന്‍ പാടില്ല എന്നതിനോട് പൂര്‍ണമായും യോജിക്കുന്നു. സി. ആന്‍ഡ് എ.ജി.യുടെ കണ്ടെത്തലുകള്‍ ഗൗരവമായി പരിശോധിക്കണം. യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി ശരി എന്തെന്നു മനസ്സിലാക്കി മുമ്പോട്ട് പോകണം. കേരളത്തിന്റെ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യവും ഇപ്പോള്‍ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ച സ്ഥിതിയും പരിശോധിച്ച് തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. 

അതുകൊണ്ടാണ് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നത്. മറ്റൊരു വിവാദംകൂടി ഉയര്‍ത്തി വിഴിഞ്ഞത്തെ തളര്‍ത്തരുത് എന്നു മാത്രമാണ് എനിക്കു പറയുവാനുള്ളത്. ഈ വിവാദങ്ങളില്‍ ചിരിക്കുന്നതു കൊളംബോയും കുളച്ചലും മാത്രമാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഉമ്മന്‍ ചാണ്ടി

( 03.06.2017) 

2017, ജൂൺ 1, വ്യാഴാഴ്‌ച

വിഴിഞ്ഞം: ഏതന്വേഷണവും നേരിടും; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല



വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്, കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടും. 

മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. കുളച്ചല്‍ തുറമുഖ കരാറുമായാണു വിഴിഞ്ഞം കരാറിനെ സി.എ.ജി താരതമ്യപ്പെടുത്തുന്നത്. കുളച്ചല്‍ പദ്ധതിയുടെ പ്രൊജക്ട് എസ്റ്റിമേറ്റ് തയാറായിട്ടില്ല. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരമാണു കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത്. ആദ്യത്തെ കരാറില്‍ 30 വര്‍ഷമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 വര്‍ഷമാക്കി കൊടുത്തുവെന്നാണ് ആക്ഷേപം. നിർമ്മാണ കാലാവധിയും ഇതിൽ ഉൾപെടും. ആസൂത്രണ കമ്മിഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 വര്‍ഷം എന്ന വ്യവസ്ഥ അംഗീകരിച്ചത്.







2017, മേയ് 25, വ്യാഴാഴ്‌ച

വിഴിഞ്ഞം കരാര്‍: കാലാവധി നീട്ടിയത് വ്യവസ്ഥ പ്രകാരം.


  • വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ല, 
  • കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് ഏകപക്ഷീയമായല്ല. 
അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണത്തിന് എടുക്കുന്ന സമയവും കാലാവധിയില്‍ ഉള്‍പ്പെടും. 30 വര്‍ഷം എന്നുള്ള കരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി. ഇപ്പോഴത്തെ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനി തന്നെ മുടക്കണം. 40 വര്‍ഷ കരാറില്‍ 15 വര്‍ഷം മുതല്‍ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാം. അതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം വരുമാനം ലഭിക്കും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല.

വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാള്‍ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുളച്ചിലിന് എസ്റ്റിമേറ്റോ ടെന്‍ഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകും.  വിഴിഞ്ഞം പദ്ധതി നടപ്പിലായത് 25 കൊല്ലത്തിനിടയിലെ അഞ്ചാമത്തെ പരിശ്രമത്തിലാണെന്നും വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു കമ്പനിയെ ലഭിച്ചത്. തുറമുഖം വന്നു കഴിയുമ്പോളുള്ള നേട്ടം പ്രവചനാതീതമാണ്. കൊളംബോയോടും വിദേശ രാജ്യങ്ങളിലെ മറ്റ് തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറും. 

കരാറിലേര്‍പ്പെട്ടതില്‍ കുറ്റബോധമില്ല, അഭിമാനമേ ഉള്ളു. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ എന്തും നേരിടാന്‍ തയ്യാറാണ്. ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ല. കരാര്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു പരിശോധന എത്രയും പെട്ടന്ന് വേണം.






2017, മേയ് 24, ബുധനാഴ്‌ച

വിഴിഞ്ഞം കരാറിനെ കുറിച്ച് അന്വേഷിക്കട്ടെ


യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം. യു.ഡി.എഫ് സര്‍ക്കാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാര്‍. തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും വി.എസിന്റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ല, ഏതാണ് മെച്ചമെന്ന് സര്‍ക്കാറിന് തീരുമാനിക്കാം.  

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സി.എ.ജി പരിശോധിച്ചിട്ടുണ്ടാകുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ല. അല്ലെങ്കില്‍ സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടാകും.




2015, ഡിസംബർ 24, വ്യാഴാഴ്‌ച

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടുന്നത് പരിഗണനയില്‍


തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ദിരാഭവനില്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കെ. കരുണാകരന്റെ മാത്രം സംഭാവനയാണ്. നിക്ഷേപ-ലാഭാനുപാതം കണക്കാക്കിയാല്‍ നെടുമ്പാശ്ശേരി ലോകത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നാലാമതാണ്. മറ്റു സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിച്ചുകഴിഞ്ഞു. പ്രവര്‍ത്തന രംഗങ്ങളിലെല്ലാം അദ്ദേഹം വിജയം നേടി. പ്രായോഗിക സമീപനം മൂലമാണ് അദ്ദേഹം ആ വിജയങ്ങള്‍ കൈവരിച്ചതെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

2015, ഡിസംബർ 8, ചൊവ്വാഴ്ച

വിഴിഞ്ഞത്തിന് ത്യാഗം ചെയ്തവര്‍ക്കായി എന്തും നല്‍കും


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി കിടപ്പാടവും തൊഴില്‍ സാഹചര്യങ്ങളും നഷ്ടപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവരുടെ ത്യാഗം കൊണ്ടാണ് ഈ പദ്ധതി യാഥാര്‍ഥ്യമായത്.

ഇവരുടെ പുനരധിവാസത്തിനായി ഇപ്പോള്‍ ഇറക്കിയ ഉത്തരവ് അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. ഇനി ഭാവിയെകുറിച്ച് ചിന്തിക്കണം. അതിനുള്ള നല്ല തുടക്കമാണിത്. ഇനി ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം പാടില്ല. ത്യാഗം ചെയ്തവരെയോര്‍ത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെയുള്ള സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2015, ഡിസംബർ 7, തിങ്കളാഴ്‌ച

കപ്പലടുക്കാന്‍ ആയിരം നാള്‍ മാത്രം


ആയിരം ദിവസം കഴിയുമ്പോള്‍ വിഴിഞ്ഞത്തൊരു മദര്‍ഷിപ്പ്. സര്‍ സി.പി.രാമസ്വാമി അയ്യര്‍, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ട സ്വപ്‌നം, ഇതാ ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നു.   രണ്ടു മെഗാപദ്ധതികളാണ് കേരളത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശ്ശേരി വിമാനത്താവളവും (1993). വികസന രംഗത്തെ കേരളത്തിന്റെ ഈ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങി ഒരുപിടി മെഗാ പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. കേരളം സ്വപ്‌നങ്ങളില്‍ നിന്നുണരുന്നു. 

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിലെത്തിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയര്‍ന്നത്  അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. കേരളത്തില്‍ വികസനം കൊണ്ടുവരണമെന്ന് ഇന്നാട്ടിലെ സാധാരണക്കാര്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന്  വിഴിഞ്ഞം വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു. 

കടലാസില്‍ നിന്നു കരയിലേക്ക്
2011 മെയ്യില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖ പദ്ധതി എങ്ങുമെത്തിയിരുന്നില്ല.  അന്നു കടലാസ് തോണി മാത്രമായിരുന്ന പദ്ധതിയെ  അതീവ ജാഗ്രതയോടെയും കഠിനമായി പരിശ്രമിച്ചുമാണ് ഒരു കപ്പലാക്കി മാറ്റിയത്. ആദ്യം പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. നാല്പതോളം പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടുന്ന രണ്ടുവര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്  പാരിസ്ഥിതിക അനുമതി ലഭിച്ചു.  വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ സാദ്ധ്യതകള്‍ കൂടി പരമാവധി ഉപയോഗപ്പെടുത്തുവാന്‍  ലാന്‍ഡ് ലോര്‍ഡ് മോഡലിലെ പി.പി.പി. ഘടകങ്ങള്‍ നവീകരിച്ചു.

 പദ്ധതിയുടെ രൂപരേഖ പുതുക്കി. ഇതോടെ  9,000 ടി.ഇ.യുവിനു പകരം 18,000 മുതല്‍ 22,000 ടി.ഇ.യു.വരെ ശേഷിയുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കുവാന്‍  സാധിക്കും. ബര്‍ത്തിന്റെ നീളം 650 ല്‍ നിന്നും 800 മീറ്ററാക്കി നവീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പല്‍ വരെ നങ്കൂരമിടാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ്  വിഴിഞ്ഞം.

വിഴിഞ്ഞം പദ്ധതിയുടെ  തുക 5,552 കോടി രൂപയാണ്. ഇതില്‍ 4,089 കോടി രൂപ പി.പി.പി. ഘടകവും, 1,463 കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്റെ തുകയുമാണ്. എല്ലാ മുന്‍ കരാറുകളിലെയും പോലെ പദ്ധതിക്കാവശ്യമായ ഭൂമി, റയില്‍, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന്  1,973 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 

ബ്രേക്ക്‌വാട്ടറിന്റെ നിര്‍മ്മാണം  കരാറുകാരന്‍ നിര്‍വഹിക്കുകയും അതിന് ആവശ്യമായ 1,463 കോടി രൂപ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കുകയും ചെയ്യും. പി.പി.പി. ഘടകങ്ങളുടെ തുകയായ 4,089 കോടിയില്‍ നാല്‍പത് ശതമാനം 1,635 കോടി രൂപയുടെ ഗ്രാന്റാണ്.  818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കും.  ശേഷിക്കുന്ന 817 കോടി രൂപ ഗ്രാന്റില്‍, 409 കോടി രൂപ നിര്‍മ്മാണ കാലയളവിലും 408 കോടി രൂപ നടത്തിപ്പു കാലയളവിലും ധനസഹായമായി സര്‍ക്കാര്‍ നല്‍കും.

സുതാര്യത മുഖമുദ്ര
കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃക കണ്‍സഷന്‍ കരാര്‍ അടിസ്ഥാനമാക്കി സുതാര്യമായാണ് കരാറും  ടെണ്ടര്‍ നടപടികളും  പൂര്‍ത്തിയാക്കിയത്. ഒട്ടേറ തവണ ടെന്‍ഡര്‍ സമയപരിധി  നീക്കിക്കൊടുത്തു.  അവസാന ഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും ചര്‍ച്ച നടത്തി. എന്നാല്‍, അദാനി പോര്‍ട്‌സ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധമായ എല്ലാ വിവരവും പുറത്തുവിട്ടു. അദാനി പോര്‍ട്‌സ് ഒപ്പിട്ട ബിഡ് ലെറ്റര്‍ വരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

നാലു വര്‍ഷം മുമ്പ് ടെന്‍ഡര്‍ വിളിച്ചിരുന്ന മോഡലില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടിയിരുന്ന തുകയില്‍ നിന്ന് ഗണ്യമായ തുക ഇപ്പോഴത്തെ മോഡലില്‍ കുറഞ്ഞിട്ടുണ്ട്. 30 വര്‍ഷത്തേയ്ക്ക് ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിന്  നല്‍കുന്നതായിരുന്നു പഴയ കരാര്‍. പുതിയ കരാര്‍ പ്രകാരം ലൈസന്‍സ് മാത്രമേ സ്വകാര്യ പങ്കാളിക്കു ലഭിക്കുന്നുളളൂ. തിരിച്ചെടുക്കാവുന്ന രീതിയില്‍ ഭൂമിയുടെ അവകാശം സര്‍ക്കാരിനു തന്നെ. തുറമുഖ നടത്തിപ്പിന്റെ 15-ാം വാര്‍ഷികത്തിനു ശേഷം വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിനു ലഭിച്ചു തുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടി   40 ശതമാനം വരെ ആകും.  കൂടാതെ, തുറമുഖേതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വിഹിതം ഏഴാം വര്‍ഷം മുതല്‍ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങും.

കണ്ണീര്‍ വീഴ്ത്താതെ 
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമൂലം ആ പ്രദേശത്തെ ഒരാളുടെപോലും കണ്ണീര്‍ വീഴാന്‍ ഇടവരില്ല. പുനരധിവാസത്തിനായി 475 കോടി രൂപയുടെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഇതു നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മാറ്റിവയ്ക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകള്‍ക്ക് ന്യായമായ വില നല്‍കി. വീട് നഷ്ടപ്പെടുന്ന 67 പേര്‍ക്കും പുനരധിവാസം നല്‍കി.

പദ്ധതി നടപ്പാക്കുന്നതുമൂലം തൊഴില്‍രഹിതരും ഭവനരഹിതരുമാകുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ഡിഒ അധ്യക്ഷനായ കമ്മിറ്റിയും കളക്ടറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റിയും നിലവിലുണ്ട്. സജീവമായ മത്സ്യബന്ധന മേഖല എന്ന നിലയില്‍ തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആധുനിക മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നതാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി  ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കര്‍ ഭൂമി വൈകാതെ ഏറ്റെടുക്കാന്‍ കഴിയും. 

തുടക്കമിട്ടത് യു.ഡി.എഫ്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991 ല്‍  കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന. എം. വി. രാഘവന്‍ ആണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 1995 ല്‍ പദ്ധതിക്കായി കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു.  എന്നാല്‍ തുടര്‍ന്നു വന്ന ഇടതു മുന്നണി സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല.  2004 ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും, 2005 ല്‍ പി.പി.പി മോഡലില്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു.

ടെണ്ടറില്‍ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രാനുമതി ലഭിച്ചില്ല. പിന്നീടു വന്ന ഇടതുസര്‍ക്കാരിന്റെ ശ്രമങ്ങളും വിജയിച്ചില്ല.  5,552 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ഇത്തവണയും പദ്ധതി തടസപ്പെടുത്താന്‍ പ്രതിപക്ഷം നോക്കിയെങ്കിലും സര്‍ക്കാര്‍ ഒരിഞ്ചുപോലും പതറാതെ മുന്നോട്ടുപോയി. ദശാബ്ദങ്ങള്‍ക്കുശേഷം കേരളത്തില്‍ ഒരുവന്‍കിട പദ്ധതി നടപ്പാകുന്ന ഈ ശുഭമുഹൂര്‍ത്തം ബഹിഷ്‌കരിക്കാനുള്ള ഇടതുമനസ് നിര്‍ഭാഗ്യകരമാണ്. പദ്ധതിക്കുവേണ്ടി  കിടപ്പാടം വരെ വിട്ടുകൊടുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലിയ മനസിനു മുന്നില്‍ ഇടതുപക്ഷം തീരെ ചെറുതായിപ്പോയി. 

കേരളത്തിനും രാജ്യത്തിനും വേണ്ടി
ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കും (മദര്‍ഷിപ്പുകള്‍) ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാം.  ഇന്ത്യയിലെ  ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.  

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.

തുറമുഖ നിര്‍മാണ രംഗത്തും നടത്തിപ്പിലും മുന്‍നിരക്കാരായ അദാനി പോര്‍ട്‌സില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്ട്. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത അവര്‍ക്ക് പ്രത്യേക നന്ദി പറയുന്നു. നാലു വര്‍ഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍,  ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് അദാനി പോര്‍ട്‌സിന്റെ പ്രഖ്യാപനം. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്.  1095 ദിവസങ്ങള്‍കൊണ്ട്  കൊച്ചി മെട്രോ പൂര്‍ത്തിയാകുമെന്നാണു  പ്രഖ്യാപിച്ചിട്ടുള്ളത്.  വന്‍കിട പദ്ധതികളെല്ലാം സമയബന്ധിതമായി മുന്നേറുകയാണ്. സ്വപ്‌നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര കഠിനമാണെങ്കിലും.

ഉമ്മന്‍ ചാണ്ടി
Chief Minister of Kerala

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കും


പട്ടയം ഇനിയും കിട്ടാത്തത് മത്സ്യബന്ധന തുറമുഖത്തിനായി മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ക്ക്


തിരുവനന്തപുരം: വിഴിഞ്ഞത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. മത്സ്യബന്ധന തുറമുഖം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാണ് ഇനിയും പട്ടയം കിട്ടാത്തത്.

അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കുന്നതിന് മുന്നോടിയായി വിഴിഞ്ഞത്തെയും പരിസരത്തെയും ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് ഇതിന് തീരുമാനമായത്. തുറമുഖം സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സ്ഥലത്ത് ഭൂമി കൈവശമുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാകളക്ടറുമായി ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. മുമ്പ് പലവട്ടം ഈ പ്രശ്‌നം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചെങ്കിലും ഇപ്പോള്‍ കണ്ടെയ്‌നര്‍ തുറമുഖത്തിനായി പ്രദേശവാസികളുടെ സഹകരണം തേടുന്നതിന്റെ ഭാഗമായാണ് ഇത് പരിഗണിക്കപ്പെട്ടത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അദാനി വിഴിഞ്ഞം പോര്‍ട്‌സ് നിര്‍മിക്കുന്ന തുറമുഖത്തിനായി ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ച സപ്തംബര്‍ നാലിന് പുനരാരംഭിക്കാനും തീരുമാനമായി. വിഴിഞ്ഞം വടക്കുംഭാഗം, വടക്കുംഭാഗം സെന്‍ട്രല്‍, തെക്കുംഭാഗം, പുല്ലുവിള, അമ്പലത്തുംമൂല, പൂവാര്‍ എന്നീ ജമാ അത്തുകളിലെ ഭാരവാഹികളുമായാണ് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടന്നത്. 


2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

അദാനിക്ക് എല്ലാ പിന്തുണയും നല്‍കും


 വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന് അദാനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. വിമര്‍ശനം ഉന്നയിച്ചവരുമായും പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്. കരാര്‍ ഒപ്പിടല്‍ കേരളത്തിന്റെ വികസനരംഗത്തെ ചരിത്ര മുഹൂര്‍ത്തമാണ്.

25 വര്‍ഷം മുമ്പ് ഉദിച്ച ആശയമാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത പ്രയോജനമാണ് വിഴിഞ്ഞം പദ്ധതിക്ക് ലഭിക്കുന്നത്. പ്രാദേശിക സന്തുലിതാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം പദ്ധതിക്ക് ഗുണകരമാകും. പദ്ധതി സംബന്ധിച്ച് മല്‍സ്യ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ചില ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങളാണ് അവരുടെ ആശങ്കയെങ്കില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവില്ല.

എങ്കിലും ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. ഏറ്റവും വേഗത്തില്‍ പദ്ധതി നടപ്പാക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. അതിനായി പ്രയത്‌നിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക-സാമൂഹിക രംഗത്തെ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. 


സിയാല്‍: ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുന്നു


നെടുമ്പാശ്ശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പെരുമ ഇനി കൊച്ചി വിമാനത്താവളത്തിന് സ്വന്തം. വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവനും നിര്‍വഹിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 

രാജ്യത്താദ്യമായി ജനകീയ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിച്ച് മാതൃക കാണിച്ച സിയാല്‍, ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സിയാലിന് അനുമതി നല്‍കിയ എട്ട് മിനി ജലവൈദ്യുത പദ്ധതികളില്‍ ആദ്യത്തേത് കോഴിക്കോട് അരിപ്പാറയില്‍ രണ്ട് മാസത്തിനകം നിര്‍മാണം തുടങ്ങും. 8 പദ്ധതികള്‍ വഴി 50 മെഗാവാട്ട്്് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 8 പദ്ധതികളുടെയും നിര്‍മാണം തുടങ്ങും.

കാര്‍ഗോ കോംപ്ലക്‌സിന് സമീപം 45 ഏക്കറില്‍ വിന്യസിച്ചിട്ടുള്ള 46,150 സോളാര്‍ പാനലുകളിലൂടെയാണ് കൊച്ചി വിമാനത്താവളത്തിന് ഇനി വൈദ്യുതി ലഭിക്കുക. വിമാനത്താവളത്തിന്റെ ഒരു ദിവസ ഉപയോഗത്തിന് അരലക്ഷം യൂണിറ്റോളം വൈദ്യുതി ആവശ്യമാണ്. 12 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി സിയാലിന് ലഭ്യമാകും. ഈ വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡ്ഡിന് നല്‍കുകയും അതത് സമയങ്ങളില്‍ ആവശ്യമുള്ളത്ര വൈദ്യുതി കെ.എസ്.ഇ.ബി.യില്‍ നിന്ന് ലഭ്യമാക്കുകുയും ചെയ്യുന്ന പവര്‍ ബാങ്കിങ് പദ്ധതിക്കാണ് സിയാല്‍ തുടക്കമിട്ടിരിക്കുന്നത്.

സിയാലിന്റെ ഉപ കമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 62 കോടിയാണ് മൊത്തം പദ്ധതിത്തുക. ബോഷ് ലിമിറ്റഡാണ് കരാറുകാര്‍.


2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

വിഴിഞ്ഞം: പദ്ധതിക്കും പുനരധിവാസത്തിനും പണം പ്രശ്‌നമല്ല


   
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്, പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എത്രപണം വേണമെങ്കിലും മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം മാത്രമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട,  മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. 

അദാനി ഗ്രൂപ്പുമായി പരസ്​പരവിശ്വാസത്തിലാകും സര്‍ക്കാര്‍ പോകുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ന്യായമായ ചില ആശങ്കകള്‍ പങ്കുവെക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാവരുമായും ചര്‍ച്ചനടത്തി പരിഹാരം കാണും. ഇപ്പോള്‍ മാത്രമല്ല, നിര്‍മാണം തുടങ്ങിക്കഴിഞ്ഞ് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളിലും ഇതായിരിക്കും സമീപനം. ഒരാള്‍ക്കും പദ്ധതികൊണ്ട് ബുദ്ധിമുട്ടുണ്ടാകരുത്. പുനരധിവാസത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ നല്‍കും- കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മുഖ്യമന്ത്രിയെ ഗൗതം അദാനി സന്ദര്‍ശിച്ചു. പദ്ധതി പറഞ്ഞ സമയത്തിന് മുന്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും


കൊച്ചി: വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കെ.എം.എ. - നാസ്‌കോം ലീഡര്‍ഷിപ്പ് അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകും. 

വിഴിഞ്ഞം കേരളത്തിലല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുന്‍പ് തന്നെ നടപ്പിലാകുമായിരുന്നു. വിവാദം ഭയന്ന് ഇനി ഒരു പദ്ധതിയും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. അവസരം പ്രയോജനപ്പെടുത്താത്തതിന്റെ പേരില്‍ സുപ്രീംകോടതി പോലും കേരളത്തെ വിമര്‍ശിക്കുന്നു. വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പിന്നാലെ പോകുന്ന സമീപനം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ. - നാസ്‌കോം ഐ.ടി. ലീഡര്‍ഷിപ് അവാര്‍ഡ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് മുഖ്യമന്ത്രി സമ്മാനിച്ചു.