UDF

2011, നവംബർ 6, ഞായറാഴ്‌ച

14 മണിക്കൂര്‍ നീണ്ട ജനകീയമേളയില്‍ തീര്‍പ്പായത് 11,000 അപേക്ഷകള്‍

കോഴിക്കോട്: രാവിലെ പത്ത് മണിക്കു തുടങ്ങി അര്‍ധരാത്രിവരെ തുടര്‍ന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഗണിച്ചത് 11,000-ത്തിലധികം പരാതികള്‍. വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത 7,800 അപേക്ഷകളിലും ശനിയാഴ്ച നേരിട്ടെത്തിയ 3,500 അപേക്ഷകളിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരു കോടി രൂപയോളം അനുവദിച്ചു. എത്ര രൂപയാണ് നല്‍കിയതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. രാവിലെ പത്ത് മണി മുതല്‍ മുഖ്യമന്ത്രി ഓരോരുത്തരുടെയും പരാതി നേരിട്ട് കേട്ട് തീരുമാനം പറഞ്ഞു. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സഹായമായി അനുവദിച്ചത്.

മുഖ്യമന്ത്രി പരാതിയില്‍ തീര്‍പ്പാക്കി അപേക്ഷയ്ക്ക് മുകളില്‍ അനുവദിച്ച തുക എഴുതും. ഈ തുകയ്ക്കുള്ള ചെക്ക് ബന്ധപ്പെട്ട താലൂക്ക് അധികൃതര്‍ അപ്പോള്‍ത്തന്നെ കൗണ്ടറില്‍നിന്ന് നല്‍കും. വൈകുന്നേരം നാല് മണിയായപ്പോഴാണ് മുഖ്യമന്ത്രി ലഘുഭക്ഷണം കഴിച്ചത്. ഇടതടവില്ലാതെ രാത്രി എട്ട് മണിവരെ വേദിയിലിരുന്ന് പരാതികേട്ട മുഖ്യമന്ത്രി ഇടയ്ക്ക് അരമണിക്കൂര്‍കൊണ്ട് മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ മകളുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി.

റവന്യൂ, സര്‍വേ, പഞ്ചായത്ത്, കോര്‍പറേഷന്‍, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, മൈനിങ് ആന്‍ഡ് ഇറിഗേഷന്‍, വൈദ്യുതി ബോര്‍ഡ്, ദേവസ്വം ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഹജ്ജ്, നോര്‍ക്ക, മോട്ടോര്‍ വാഹനം, പൊലീസ്, എക്സൈസ്, വനം, ജയില്‍, ഫയര്‍ഫോഴ്സ്, വില്‍പന നികുതി, ബാങ്ക് രജിസ്ട്രേഷന്‍, കൃഷി, എംപ്ളോയ്മെന്‍റ്, ജലസേചനം, മൃഗസംരക്ഷണം തുടങ്ങി അറുപതില്‍പരം സര്‍ക്കാര്‍ വകുപ്പുകള്‍, ബി.എസ്.എന്‍.എല്‍, കേന്ദ്രീയ വിദ്യാലയം, എല്‍.ഐ.സി തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച പതിനായിരത്തോളം പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ഏഴ് കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
നേരത്തേ ലഭിച്ച പരാതികളില്‍ മൂവായിരത്തോളം എണ്ണം ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ള  ചിലതില്‍ മുഖ്യമന്ത്രി തീര്‍പ്പുകല്‍പിച്ചു. സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിച്ച് തീര്‍പ്പാക്കാന്‍ മാറ്റിവെച്ചു.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ പടുകൂറ്റന്‍ പന്തലിലായിരുന്നു ചടങ്ങുകള്‍. പരാതിക്കാരുടെ നീണ്ട ക്യൂ പന്തല്‍ കഴിഞ്ഞ് റോഡുവരെയെത്തി. ഉദ്ഘാടനചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു.
വാഹന പണിമുടക്ക് മൂലം ശനിയാഴ്ച എത്താന്‍ കഴിയാതിരുന്നവര്‍ക്കായി നവംബര്‍ ഒമ്പതിന് ഇതേ വേദിയില്‍ വീണ്ടും ജനസമ്പര്‍ക്ക പരിപാടി നടത്തും. അന്ന് മുഖ്യമന്ത്രി ഉണ്ടാവില്ല.