UDF

2011, നവംബർ 13, ഞായറാഴ്‌ച

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം



കൊച്ചി: എം.വി ജയരാജനെ ജയിലിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൈകോടതിക്ക് മുന്നില്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധിക്കെതിരെ സമരം നടത്തുന്നത് തെറ്റാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പീല്‍ കൊടുക്കാന്‍ അവസരമുണ്ടായിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് ഭൂഷണമല്ല. സമൂഹത്തോടും ജനങ്ങളോടും തെറ്റ് ചെയ്യുമ്പോഴാണ് കോടതി ഇടപെടുന്നത്. ജൂഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ ജുഡീഷ്യറിക്കെതിരെ രംഗത്തുവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നത്. കോടതിയെ ഭയക്കുന്നവരാണ് സി.പി.എമ്മുകാര്‍ എന്ന് കരുതുന്നില്ല. സമരത്തില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെടില്ല. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിലപാട്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലേയെന്ന ചോദ്യത്തിന് അതിന് കഴിയുമെന്നും പക്ഷേ ഇത്തരം വിവാദങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കി മുന്നോട്ടു പോവാന്‍ തന്നെ കിട്ടില്ലെന്നും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

പിറവം ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നും അദ്ദേഹം പറഞ്ഞു.