UDF

2011, നവംബർ 18, വെള്ളിയാഴ്‌ച

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജന സേവന മേഖല മികവുറ്റതാക്കാന്‍ നാല് സിയാല്‍ മോഡല്‍ കമ്പനികള്‍ രൂപവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍്റെ 26ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീസ് ഏര്‍പ്പാടാക്കിയും കാര്യക്ഷമമായി നടത്താന്‍ കഴിയും. കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി , കുടിവെള്ള വിതരണ കമ്പനി ,പൊതു ടോയിലറ്റ് കമ്പനി , ക്ളീന്‍ സിറ്റി കമ്പനി എന്നിവയാണവ.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സപ്തധാരാ പദ്ധതി എന്ന പേരിലായിരക്കും ഇത് നടപ്പില്‍ വരുത്തുകയെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ , എയ്ഡഡ് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി, ബി.പി.എല്‍ ജന വിഭാഗങ്ങള്‍ക്കു 2 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ നടപ്പില്‍ വരുത്തും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുവാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് ഏര്‍പ്പെടുത്തും. ഹെല്‍പ് ഡെസ്ക്കുകളില്‍ ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ടായിരിക്കും.

69.6 മെഗാവാട്ട് മൊത്തം സ്ഥാപിത ശേഷിവരുന്ന പെരിങ്ങല്‍കുത്ത്,മാങ്കുളം, അപ്പര്‍ കല്ലട, വെള്ളത്തൂവല്‍ എന്നീ നാല് ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കും. 220 കെ.വി. സബ്സ്റ്റേഷനുകളുടെയും ഒരു 66 കെ.വി. സബ്സ്റ്റേഷന്‍്റെയും പതിനഞ്ച് 33 കെ.വി. സബ്സ്റ്റേഷനുകളുടേയും പണികള്‍ പൂര്‍ത്തീകരിക്കും. 4000 കി.മീ 11 കെ.വി. ലൈനിന്‍്റെ നിര്‍മ്മാണം, 5200 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, 7000 കി.മീ സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസ്ലൈനാക്കി മാറ്റല്‍, 3,40,000 സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കും. കാറ്റില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്കു പരമാവധിപ്രോത്സാഹനം നല്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതിചാര്‍ജ്ജ് കേരളത്തില്‍ എവിടേയും അടയ്ക്കുവാന്‍ സംവിധാനം ഒരുക്കും.

സംസ്ഥാന റോഡ് വികസന പദ്ധതിക്ക് കീഴില്‍ 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും. നബാര്‍ഡ് ധനസഹായത്തില്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ, എറണാകുളം,മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ തീരദേശത്തെ പാലങ്ങളുടെ
നിര്‍മ്മാണം ഏറ്റെടുക്കും . നോക്കുകൂലിയും അമിതകൂലിയും ഇല്ലാതാക്കും. എല്ലാ പഞ്ചായത്തുകളിലും പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കും.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന 2500 കോടി രൂപ കാര്‍ഷിക വായ്പ നല്‍കുമെന്നും
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25000 കര്‍ഷകര്‍ക്ക് പലിശയില്‍ കിഴിവ് നല്‍കുമെന്നും മുഖ്യമന്ത്രിഅറിയിച്ചു.