UDF

2011, നവംബർ 6, ഞായറാഴ്‌ച

ആയിരംപേര്‍ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി ആയിരംപേര്‍ക്ക് പട്ടയവും ദുരിതാശ്വാസസഹായവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ജനകീയമേളയായി. രോഗം തളര്‍ത്തിയ ശരീരവുമായി നിരാലംബരായി കഴിയുന്നവരുള്‍പ്പെടെ കണ്ണീരും പരിഭവവുമായി സഹായത്തിന്റെ കൈത്താങ്ങിനായി എത്തിയവരെ ആദ്യം സദസ്സിലേക്ക് ഇറങ്ങിവന്നുകണ്ട് മുഖ്യമന്ത്രി ആശ്വാസം പകര്‍ന്നു.

ഭരണവും ജനങ്ങളുംതമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്കപരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പണിമുടക്കായിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെത്തന്നെ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ പരാതിയും നിവേദനവുമായി സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ ജനസമ്പര്‍ക്കപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 11,000 പരാതികള്‍ക്ക് പരിഹാരവേദിയായി.

2008 മുതല്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരംപേര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും 25 പേര്‍ക്ക് കൈവശരേഖയും കുന്ദമംഗലം നാല് സെന്റ് കോളനിയില്‍ 30 പേര്‍ക്കും വടകരയില്‍ 14 പേര്‍ക്കും പട്ടയവും നല്‍കി. ഈയ്യപ്പടി കോളനിയിലെ സോഫിയസക്കറിയയ്ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രി പരിപാടിക്ക് തുടക്കമിട്ടു. ദേശീയ കുടുംബസഹായ പദ്ധതിയുടെ ധനസഹായവിതരണം, ദുരിതാശ്വാസധനസഹായം, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ച 24 പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, മരംകയറ്റ തൊഴിലാളി ക്ഷേമനിധി ധനസഹായം തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ ചടങ്ങില്‍വെച്ച് വിതരണം ചെയ്തു. ആകെ ലഭിച്ച 10,000 പരാതികളില്‍ മൂവായിരത്തില്‍ നേരത്തേതന്നെ ഉദ്യോഗസ്ഥര്‍ പരിഹാരം കണ്ടിരുന്നു. ഇത് വിവിധ വകുപ്പുകളുടെ ഏഴ് കൗണ്ടറുകളിലൂടെ വിതരണം ചെയ്തു. ചികിത്സാസഹായം ഉള്‍പ്പെടെ വിവിധ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ, നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനുള്ള നീണ്ട നിര വൈകുന്നേരം വരെ തുടര്‍ന്നു.

പണിമുടക്കായതിനാല്‍ ശനിയാഴ്ച നേരിട്ടെത്താന്‍ കഴിയാതിരുന്നവരുടെ പരാതികള്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഒമ്പതിന് ബുധനാഴ്ച പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.എല്‍.എ. മാരായ എ.കെ. ശശീന്ദ്രന്‍, പുരുഷന്‍കടലുണ്ടി, ഇ.കെ. വിജയന്‍, വി.എം. ഉമ്മര്‍, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ പി.ബി. സലീം സ്വാഗതം പറഞ്ഞു.




Oommen Chandy launches State-wide 'People Contact Programme'