UDF

2011, നവംബർ 24, വ്യാഴാഴ്‌ച

നിയമസഭാനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: നിയമസഭാ നടപടികള്‍ പൂര്‍ണമായും തത്സമയം സംപ്രേഷണം ചെയ്യുന്നതിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

നിയമസഭാനടപടിക്രമങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്യവേ സ്​പീക്കര്‍ ജി.കാര്‍ത്തികേയനുമുന്നിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം വെച്ചത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി പ്രമാണിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന നിയമം ഇപ്പോഴുണ്ട്. സുതാര്യതയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അതുകൊണ്ട് നിയമസഭാനടപടികളും ജനങ്ങളെക്കാണിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കണം-മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയയിലെ നടപടിക്രമങ്ങള്‍ തത്സമയം ഇന്റര്‍നെറ്റില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. അടുത്ത സമ്മേളനം മുതല്‍ ഇത് തുടങ്ങാനാവും-അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുമ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടതില്ലെന്ന സ്​പീക്കറുടെ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അല്ല ജനങ്ങളാണ് എം.എല്‍.എമാരെ നിയന്ത്രിക്കേണ്ടത്. സ്​പീക്കര്‍ ഈ തീരുമാനമെടുത്തശേഷം പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.