UDF

2011, നവംബർ 18, വെള്ളിയാഴ്‌ച

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

തിരുവനന്തപുരം: സി.ബി.ഐമാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപവത്കരിക്കുമെന്ന് സര്‍ക്കാറിന്‍െറ ഒരുവര്‍ഷ കര്‍മപദ്ധതിയില്‍ പ്രഖ്യാപനം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഏജന്‍സി രൂപവത്കരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോള്‍ സെന്‍ററും ദ്രുതകര്‍മവിഭാഗവും എല്ലാ ജില്ലകളിലും ആരംഭിക്കും.

സംസ്ഥാനത്ത് പ്രത്യേക സുരക്ഷാസേന രൂപവത്കരിക്കും. ഗുണ്ടാ ആക്ടില്‍ മാറ്റംവരുത്തി ശക്തിപ്പെടുത്തും.വനിതാ ഹെല്‍പ് ഡെസ്കുകള്‍ 150 പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും.ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ പൊലീസുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. ഏത് സ്റ്റേഷനിലെ പരാതിയും ഏത് ജനസേവനകേന്ദ്രത്തിലും നല്‍കാം. ഇതില്‍ നടപടിയെടുത്തശേഷം പരാതിക്കാരനെ വിവരം അറിയിക്കും.

ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താനും നിയമലംഘനം കണ്ടെത്താനും കേന്ദ്രീകൃത സംവിധാനം 300 കേന്ദ്രങ്ങളില്‍ കൂടി തുടങ്ങും.ഫോറന്‍സിക് ലബോറട്ടറികള്‍ക്ക് ഓഡിയോ വീഡിയോ അനാലിസിസ് ഉപകരണങ്ങള്‍ നല്‍കും. വിയ്യൂരില്‍ അതീവ സുരക്ഷാ ജയില്‍ സ്ഥാപിക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതിസ്വീകരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് തുടങ്ങും. ഹെല്‍പ് ഡെസ്കില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറുമുണ്ടാകും. വിജിലന്‍സ് അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അന്വേഷണങ്ങളെ മൂന്ന് വിഭാഗമായി തരംതിരിക്കും.

പൊലീസ് കമീഷണറുടെ കീഴില്‍ തിരുവനന്തപുരത്ത് ‘തിരുവനന്തപുരം സിറ്റി പൊലീസ്’എന്ന പേരില്‍ പ്രത്യേക യൂനിഫോമോടെ പൊലീസ് സംവിധാനം നടപ്പാക്കും.കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അഞ്ച് മിനിറ്റിനകം സിഫ്ട് ആക്ഷന്‍ ടീം സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ ഉള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം തുടങ്ങും.