UDF

2011, നവംബർ 18, വെള്ളിയാഴ്‌ച

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാം പദ്ധതി സമീപനരേഖ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു. അതേസമയം ഇടത് മുന്നണിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്തു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തി സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ചതീരുമാനം വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി അടങ്കലിന്‍െറ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്.എന്നാല്‍ ഗ്രാമസഭകള്‍ കൃത്യമായി കൂടാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കണം. ഇപ്പോള്‍ ചടങ്ങിനായിമാത്രമാണ് ഗ്രാമസഭകള്‍ ചേരുന്നത്. ഗ്രാമസഭകള്‍ ചേരാത്തതിനാല്‍ അംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ ലഭിക്കാറുണ്ട്. ഗ്രാമസഭകളെ രാഷ്ട്രീയത്തിനതീതമായി കണ്ട് ശക്തിപ്പെടുത്തണം.

കേരളത്തിലൊഴികെ എല്ലായിടത്തും മലയാളികള്‍ വിജയിക്കുന്നത് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉല്‍പാദനമേഖലയിലുള്‍പ്പെടെയുള്ള നമ്മുടെ പല പ്രതിസന്ധികളും ഇച്ഛാശക്തിയുണ്ടെങ്കില്‍ തരണംചെയ്യാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. പദ്ധതി നടത്തിപ്പ് നീളുമ്പോള്‍ ചെലവ് കൂടുകയും പദ്ധതിയില്‍ നിന്നുള്ള ഫലം വൈകുകയും ചെയ്യുമന്ന് അദ്ദേഹം പറഞ്ഞു.