UDF

2011, നവംബർ 11, വെള്ളിയാഴ്‌ച

പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യംവേണം - മുഖ്യമന്ത്രി



തിരുവനന്തപുരം: പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖ സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചര്‍ച്ച പഴയ നിയമസഭാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പദ്ധതികളും നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല. ഇക്കാര്യത്തില്‍ 25 ശതമാനമെങ്കിലും സ്വാതന്ത്ര്യം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തില്‍ ചതുര്‍വേദി കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ബി.പി.എല്‍ മാനദണ്ഡം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിര്‍ദേശം മാറ്റിയേ മതിയാവൂ. പന്ത്രണ്ടാം പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ജോലിചെയ്യാന്‍ അറിയാവുന്ന ഒരാള്‍ക്കും ജോലി ഇല്ലാതിരിക്കില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് 12-ാം പദ്ധതിയില്‍ വലിയ പ്രാധാന്യം കൊടുത്തേ മതിയാവൂ. പദ്ധതി അടങ്കല്‍ തുകയുടെ മൂന്നിരട്ടിയെങ്കിലും ഈ പദ്ധതിക്കാലത്ത് സ്വകാര്യ മേഖലയിലും മറ്റുംവഴി സംസ്ഥാനത്ത് വരണം. കഴിഞ്ഞ കാലങ്ങളില്‍ വികസനരംഗത്തുണ്ടായ കുറവ് നികത്താന്‍ കഴിയണം. നമ്മുടെ കൈയില്‍ അത്ഭുത വിളക്കില്ലെങ്കിലും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ അത്ഭുതം കാട്ടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.