UDF

2011, നവംബർ 2, ബുധനാഴ്‌ച

അധികാരികള്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാട്ടരുത്-മുഖ്യമന്ത്രി



കോട്ടയം: അധികാരത്തിലിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാട്ടരുതെന്നും വിമര്‍ശങ്ങളാണ് തെറ്റുതിരുത്താനുള്ള മാര്‍ഗ്ഗമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'സഹിഷ്ണുതകാട്ടുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. അതേസമയം വിമര്‍ശം സൃഷ്ടിപരമാകണമെന്നത് മാധ്യമങ്ങളുടെയും ബാധ്യതയാണ്. ഇതുരണ്ടും പരസ്പര പൂരകമാകുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ക്രിയാത്മകമായ വിമര്‍ശങ്ങളാണ് മാധ്യമങ്ങള്‍ നടത്തേണ്ടത്. ഭരണാധികാരികളുടെ തെറ്റുകള്‍ തിരുത്താന്‍ അത്തരം വിമര്‍ശങ്ങള്‍ സഹായിക്കും'- അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മാധ്യമരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ സദാ സജ്ജരായിരിക്കണമെന്ന് ആശംസാപ്രസംഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമെന്നും അതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ കടന്നുകൂടാന്‍ പാടില്ലെന്നും റവന്യു വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിസ്സാരമായ പ്രശ്‌നങ്ങളിലും വ്യക്തിപരമായ താല്പര്യങ്ങളിലുമൂന്നിയ വിമര്‍ശങ്ങള്‍ വികസനത്തിന്റെ ഗതിമാറ്റുമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. മീഡിയ റേറ്റിങ്ങിനുവേണ്ടി മാത്രം വാര്‍ത്തകള്‍ ഉപയോഗിക്കുന്നരീതി നന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ വ്യക്തിപരമായ വിമര്‍ശങ്ങളില്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു.

ജോസ് കെ. മാണി എം.പി., എല്‍.ഡി.എഫ്.കണ്‍വീനര്‍ വൈക്കം വിശ്വന്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്ബ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോട്ടയം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയുമായ കെ.എം.റോയ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോഹരന്‍ മോറായി, മുന്‍ എം.എല്‍.എ. വി.എന്‍.വാസവന്‍, എന്നിവരും പ്രസംഗിച്ചു.