UDF

2011, നവംബർ 24, വ്യാഴാഴ്‌ച

മദ്യം പ്രോത്സാഹിപ്പിക്കുക യു.ഡി.എഫ്. നയമല്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം യു.ഡി.എഫ്. എടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ആക്ഷേപങ്ങള്‍ പത്രലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്.

''എ.കെ.ആന്റണിയാണ് കേരളത്തില്‍ ചാരായം നിരോധിച്ചത്. മുമ്പ് ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1661 കള്ളുഷാപ്പ് അടച്ചുപൂട്ടി. മദ്യത്തിനെതിരെ യു.ഡി.എഫ്. മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ'' -അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. ആ തീരുമാനം മാറ്റി ഇനി കേസിന് വഴിവെയ്ക്കണ്ട എന്നു കരുതിയാണ് അതിനു മുതിരാത്തത് -മുഖ്യമന്ത്രി പറഞ്ഞു.

ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ചെയ്യുന്നതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു- ''എന്നോട് സഹാനുഭൂതി പ്രകടിപ്പിച്ചതിന് നന്ദിയുണ്ട്. എന്നെ ആക്ഷേപിക്കാന്‍ വേണ്ടി മറ്റുള്ളവരുമായി ഉപമിക്കുന്നത് അവര്‍ക്ക് ആക്ഷേപമാവരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്''.