UDF

2011, നവംബർ 24, വ്യാഴാഴ്‌ച

പദ്ധതി അടങ്കല്‍ ലക്ഷ്യം കൈവരിക്കുകതന്നെ ചെയ്യും-മുഖ്യമന്ത്രി


തിരുവനന്തപുരം: 1,05,000 കോടി രൂപയുടെ പദ്ധതി അടങ്കലെന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനം സംബന്ധിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1,05,000 കോടി രൂപയുടെ പദ്ധതിലക്ഷ്യം നേടാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടാകുക സ്വാഭാവികമാണ്. ചരക്ക് സേവനനികുതി (ജി.എസ്.ടി)യില്‍ നിന്നുള്ള വരുമാനംപോലും കണക്കാക്കാതെയാണ് 1,05,000 കോടി രൂപയുടെ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ മാറിയ വ്യവസായ കാലാവസ്ഥയും നിക്ഷേപസൗഹൃദാന്തരീക്ഷവും നേരിട്ടു വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി 25 ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാര്‍ വൈകാതെ കേരളം സന്ദര്‍ശിക്കും.

25 ലോകോത്തര കമ്പനികളുടെ സി.ഇ.ഒ മാരുടെ സന്ദര്‍ശനം കേരളത്തിന് ഗുണകരമാകുമെന്നതില്‍ സംശയമില്ല. മുംബൈയില്‍ നടന്ന ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് കേരളത്തില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നോടു ചോദിച്ചറിഞ്ഞത്. അടുത്ത ഇന്ത്യന്‍ എക്കണോമിക് ഫോറത്തിന്റെ യോഗം ഡല്‍ഹിയിലാണ് നടക്കുക. അതിനുശേഷമാണ് 25 സി.ഇ.ഒ മാരുമായി വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് കേരളത്തിലെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയിലെ ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ ശേഖര്‍ഗുപ്ത തന്നെ പരിചയപ്പെടുത്തിയത് ഇറാഖില്‍ സദ്ദാംഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടന്ന ഏക പ്രദേശത്തിന്റെ മുഖ്യമന്ത്രി എന്നാണ്. സദ്ദാമിന്റെ രാജ്യമായ ഇറാഖിലും സദ്ദാമിനെ അനുകൂലിക്കുന്ന മറ്റു രാജ്യങ്ങളിലും ഹര്‍ത്താല്‍ ഉണ്ടായില്ല. ആ സമയത്ത് കേരളത്തിലുണ്ടായിരുന്ന തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളും ശേഖര്‍ഗുപ്ത വിശദീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ വ്യവസായ സംരംഭകരിലും തൊഴിലാളികളിലും വിവിധ തൊഴിലാളി സംഘടനാ നേതൃത്വങ്ങളിലും ഉണ്ടായ മാറ്റം പരിശോധിക്കാനാണ് താന്‍ നല്‍കിയ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചവത്സര പദ്ധതികളോടുള്ള സമീപനവും പദ്ധതി രൂപവത്കരണവും ഏതാനുംപേര്‍ മാത്രം ചേര്‍ന്നു ചര്‍ച്ചചെയ്തു രൂപവത്കരിച്ചാല്‍ പോരായെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാലാണ് ആസൂത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ ജനവിഭാഗങ്ങളുമായും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളത്. നമുക്കെല്ലാവര്‍ക്കും നമ്മുടേതായ വീക്ഷണങ്ങളുണ്ടാകും. പക്ഷേ അവ പൊതുതാത്പര്യങ്ങള്‍ക്കുമുന്നില്‍ മാര്‍ഗതടസ്സമാകരുതെന്നുമാത്രം-മുഖ്യമന്ത്രി പറഞ്ഞു.