UDF

2011, നവംബർ 9, ബുധനാഴ്‌ച

അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും - ഉമ്മന്‍ചാണ്ടി

കൊല്ലം: അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ യു.ഡി.എഫിന് വ്യക്തമായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ സമീപനം യു.ഡി.എഫ്. സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ 39-ാമത് ചരമവാര്‍ഷിക ദിനാചരണം കൊല്ലം സിംസ് ആസ്​പത്രി വളപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈഴവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16 ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരേയും മറ്റും പങ്കെടുപ്പിക്കാനുള്ളതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നിശ്ചയിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം ചര്‍ച്ച നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന മാനിച്ച് ചര്‍ച്ചയ്ക്ക് അരമണിക്കൂറോ അതിലേറെ സമയമോ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം കണ്ടതില്‍വച്ച് ഏറ്റവും ശക്തനായ നേതാവാണ് ആര്‍.ശങ്കറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. അദ്ദേഹം പ്രതിനിധീകരിച്ച ഏതു രംഗത്തും വിജയം കണ്ടെത്തി. മുഖ്യമന്ത്രി എന്ന നിലയില്‍ എന്നും ഓര്‍മ്മിക്കത്തക്ക പ്രവര്‍ത്തനമായിരുന്നു ആര്‍.ശങ്കര്‍ ഏതുരംഗത്തും കാഴ്ചവച്ചത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്ത ആദ്യ മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കര്‍. ഏറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആദ്യമായി ആവിഷ്‌കരിച്ചത് ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്തായിരുന്നു. സാമൂഹിക ക്ഷേമപെന്‍ഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും മുഖ്യമന്ത്രി ആര്‍.ശങ്കറുടെ കാലത്തായിരുന്നു. വിദ്യാഭ്യാസരംഗത്തും അദ്ദേഹം ഏറെ കാര്യങ്ങള്‍ ചെയ്തു. പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസരംഗത്തുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ കോളേജുകള്‍ ഒന്നിച്ച് അനുവദിച്ച മുഖ്യമന്ത്രി ആര്‍.ശങ്കറാണ്. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം കൈക്കൊണ്ടത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടിയെ വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ ഒരു സമുദായത്തിനുംകഴിഞ്ഞില്ല. സമൂഹത്തിന്റെ വളര്‍ച്ച ഏവരുടെയും സംതൃപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് ശങ്കര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കിയായിരുന്നു ആര്‍.ശങ്കര്‍ ഏതു പരിപാടിയും നടപ്പാക്കിയിരുന്നതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആധ്യക്ഷ്യം വഹിച്ചു.