UDF

2011, നവംബർ 13, ഞായറാഴ്‌ച

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്‍െറ മാത്രമല്ല, പ്രതിപക്ഷത്തിന്‍െറയും പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെവിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പിറവത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ജയരാജന്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹൈകോടതി സമരത്തില്‍നിന്ന് സി.പി. എം പിന്മാറണം. അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും കോടതി വിധിക്കെതിരെ സമരം നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോടതിക്കെതിരായ സമരം അതീവ ഗുരുതരമായേ കാണാനാകൂ. കോടതിയെ ഭയക്കുന്നവരുടെ കൂട്ടത്തില്‍ സി.പി.എം ഉള്‍പ്പെടുമെന്ന് കരുതുന്നില്ല.

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരട്ടപ്പദവി വിഷയത്തില്‍ കൂടുതല്‍ കരുതലിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവിന്‍െറ പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ അതൃപ്തിയുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണ്. മുമ്പ് പ്രതിപക്ഷനേതാവായിരുന്നതിനാല്‍ വാങ്ങിയ പണം തിരിച്ചടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ കഴിയും. ഇരട്ടപ്പദവി വിവാദം പ്രതിപക്ഷനേതാവിന് ബാധകമാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടിക്ക് ഭരണ-പ്രതിപക്ഷഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതല്‍ ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. സ്റ്റാര്‍ പദവി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. വി.എം. സുധീരന്‍ ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവാദപരമായ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.