UDF

2011, നവംബർ 20, ഞായറാഴ്‌ച

ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



കൊച്ചി: നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ദൈന്യകഥകളുറങ്ങുന്ന ഫയലുകളുടെ ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തീരായിരത്തോളം പരാതികള്‍ക്ക് തീര്‍പ്പാക്കി. ഒരു പകലും രാത്രിയും നീണ്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മഹായജ്ഞമായി മാറി. കാക്കനാട് കളക്ടറേറ്റില്‍ ശനിയാഴ്ച 9.30നാണ് പരിപാടി തുടങ്ങിയത്. അവസാനത്തെ പരാതിക്കാരനേയും കണ്ട് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ പാതിരാത്രിയായിരുന്നു. കുറച്ച് കരിക്കിന്‍വെള്ളം മാത്രം കുടിച്ച്, ഒരേ നില്പില്‍ ആയിരങ്ങളെ നേരില്‍ കണ്ട് മുഖ്യമന്ത്രി അവരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു. കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥവൃന്ദം മുഖ്യന്ത്രിയുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തുനിന്നു.

7500 ഓളം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. അയ്യായിരത്തോളം പരാതികളില്‍ നേരത്തെ തന്നെ അതത് വകുപ്പുകളില്‍ തീര്‍പ്പാക്കിയിരുന്നു. മറ്റുള്ളവരെയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ടത്. എല്ലാ പരാതികളിലും മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചു. പരാതിക്കാരും കൂടെ വന്നവരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ തിങ്ങിനിറഞ്ഞത്. എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കാന്‍ ആയിരത്തിലധികം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഇതില്‍ 700 പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്നുള്ള 250 പേര്‍ക്ക് പട്ടയം വിതരണംചെയ്തു. 50 ലക്ഷം രൂപയാണ് കുടുംബസഹായ നിധിയില്‍നിന്ന് വിതരണം ചെയ്തത്. മൊത്തം 500 പേര്‍ക്ക് 10,000 രൂപവീതം ഈയിനത്തില്‍ ലഭിച്ചു. ദുരിതാശ്വാസ, ചികിത്സാ ധനസഹായമായി 71 ലക്ഷം രൂപ ജനസമ്പര്‍ക്കവേദിയില്‍ അനുവദിച്ചു. 1400 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

സ്‌കൂള്‍ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ യൂണിഫോം ഉടക്കിവീണ് മരിച്ച കുന്നത്തുനാട് മഠത്തിപ്പറമ്പില്‍ സാന്ദ്രയുടെ പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ ആശ്വാസധനം നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ആംബുലന്‍സിലെത്തിയ നാല് രോഗികള്‍ക്കരികിലെത്തി മുഖ്യമന്ത്രി അവര്‍ക്ക് സഹായം നല്‍കി. പിന്നീട് സദസ്സിന്റെ മുന്‍നിരയിലിരുന്ന അഞ്ഞൂറോളം വികലാംഗര്‍ക്കരികിലേയ്‌ക്കെത്തി. ഓരോരുത്തരേയും കണ്ട് ആശ്വസിപ്പിക്കുകയും പരാതികള്‍ക്ക് തീര്‍പ്പ് കല്പിച്ച് ഫയലില്‍ ഉത്തരവുകളെഴുതുകയും ചെയ്തു. രാവിലെ 9.45ന് വികലാംഗര്‍ക്കിടയിലേയ്ക്ക് നീങ്ങിയ മുഖ്യമന്ത്രി3.40 നാണ് പൊതുപരാതികള്‍ കേള്‍ക്കാന്‍ വേദിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ ചികിത്സാസഹായം സംബന്ധിച്ച പരാതികള്‍ കേട്ട് എക്‌സൈസ് മന്ത്രി കെ. ബാബു തീര്‍പ്പുകള്‍ നല്‍കി. കുടുംബസഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

സ്‌ട്രെച്ചറിലും ക്രച്ചസ്സിലും വീല്‍ച്ചെയറിലും വന്നവര്‍, ഉറ്റവര്‍ എടുത്തുകൊണ്ടുവന്നവര്‍, അശരണര്‍, ആലംബഹീനര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കൈകാലുകള്‍ നഷ്ടമായവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, അനാഥര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍....ദൈന്യം നിറഞ്ഞ ജനജീവിതത്തിന്റെ ഭിന്നമുഖങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിറഞ്ഞത്.

അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷമേ താന്‍ ഈ വേദി വിടൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടി തുടങ്ങിയത്. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയപ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാണുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്. കൂട്ടായ്മയുടെ ഈ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.