UDF

2011, നവംബർ 29, ചൊവ്വാഴ്ച

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി



കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിളി കാത്തിരിക്കുകയാണെന്നും എപ്പോള്‍ വിളിച്ചാലും ദല്‍ഹിയിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഒരു പോറലുമേല്‍പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കേരളത്തിന്‍െറ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ കുന്ദമംഗലത്തെ സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിശാല കാഴ്ചപ്പാടാണ് സംസ്ഥാനത്തിനുള്ളത്. ഇതിനേക്കാള്‍ മുന്‍ഗണനയുള്ള ഒരു അജണ്ടയും ഇപ്പോള്‍ നമുക്കില്ല. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഇത് തമിഴ്നാടും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍െറ നിലപാട് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചുകഴിഞ്ഞു. അദ്ദേഹം ഗൗരവത്തോടെ വിഷയത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രജലവിഭവ മന്ത്രിയേയും നിലപാട് ബോധ്യപ്പെടുത്താനായി. തമിഴ്നാടിന് വെള്ളം കൊടുക്കുന്ന കാര്യത്തില്‍ ഒരു മടിയും കേരളം കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നം. തമിഴ്നാടിന് 999 വര്‍ഷത്തേക്ക് വെള്ളം കൊടുക്കാനാണ് കരാര്‍. അതുവരെ ഡാം നിലനില്‍ക്കണമെന്നില്ല. നല്ളൊരു കാലം ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നു ഡാം വേണോ നാളെ ഡാം വേണോ എന്നതാണ് ചോദ്യം. ഇന്നു തന്നെവേണമെന്നാണ് നമ്മുടെ ആവശ്യം. കേരളത്തിന്‍െറ ആശങ്ക തീര്‍ക്കുന്നതിനും തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിനും ഇതാണ് മെച്ചപ്പെട്ട നിര്‍ദേശം. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നുറപ്പാണ്. പ്രശ്നത്തെ ആത്മ സംയമനത്തോടെ നേരിടണം. ആശങ്കയും പ്രതിഷേധവും സ്വാഭാവികമാണ്. എന്നാല്‍, അതിരുകടക്കരുതെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.