UDF

2011, നവംബർ 30, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ ദുഃഖം - മുഖ്യമന്ത്രി




കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ താന്‍ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ ഡാം നിര്‍മ്മിച്ചാലും തമിഴ്‌നാടിനുള്ള വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയ്ക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ തയ്യാറാണ്. വെള്ളമല്ല സുരക്ഷയാണ് ഇപ്പോള്‍ കേരളത്തിനാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് ജില്ലാതല ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം പണിയാന്‍ കേന്ദ്രത്തിന്റെ സഹായം കേരളം തേടും. ബാക്കിത്തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കും-ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ.ജോസഫും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി ബന്‍സലിനെയും കണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിന്റെ നിലപാട് നേരിട്ട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ താനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ തന്റെ മുന്നിലെത്തുന്ന പരാതികളില്‍ തീര്‍പ്പുണ്ടാകാത്തവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരിക്കല്‍ക്കൂടി താനെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ പരിശോധിക്കും. ജനസമ്പര്‍ക്കപരിപാടി നടന്ന അഞ്ച് ജില്ലകളിലും വളരെ ക്രിയാത്മകമായ സമീപനമായിരുന്നു ഉദ്യോഗസ്ഥരുടേത്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യത്തോടെ വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് വളപ്പില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പതിനായിരത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രി തീര്‍പ്പു കല്പിച്ചത്. മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.ബി.ഗണേഷ് കുമാര്‍, എന്‍.പീതാംബരക്കുറുപ്പ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ പി.ജി.തോമസ് ആമുഖപ്രസംഗം നടത്തി.





Janasamparkka Pripadi,Kollam