UDF

2011, നവംബർ 12, ശനിയാഴ്‌ച

മെഗാഷോ വേദിയില്‍ വേദനയുടെ കൂമ്പാരവുമായി ജനം

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ നിറഞ്ഞാടിയ മെഗാഷോകള്‍ അരങ്ങേറിയ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച പകലും രാത്രിയും മറ്റൊരു മെഗാഷോയുടെ നിറവിലായിരുന്നു. സംഗീവും നിറപ്പൊലിമയും പതിവ് കാഴ്ചയായ വേദിയില്‍ പ്രാരാബ്ദങ്ങളും വേദനകളുമായി സാധാരണക്കാര്‍ വന്നെത്തി. ഒരു നിമിഷംപോലും വേദി വിടാതെ എല്ലാ പരിവേദനങ്ങളും നേരിട്ട് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ താരമായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.രാവിലെ മുതല്‍തന്നെ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇവര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളുമായി പഞ്ചായത്തംഗങ്ങള്‍ മുതല്‍ എം.എല്‍.എ മാര്‍ വരെ ഓടി നടന്നു. സദസ്സ് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടത്തിന് മുന്നിലേക്ക് രാവിലെ 9.30 ഓടെ മുഖ്യമന്ത്രിയെത്തി. അഞ്ച് തിരിയുള്ള നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം കഴിഞ്ഞ് പതിവ് രീതിയില്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി. അവസാനത്തെ ആളിന്റെ പരാതിയും നേരിട്ട് വാങ്ങി പരിഹരിച്ച ശേഷമെ വേദി വിടൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. സദസ്സിന് മുന്നിലിരുന്ന വികലാംഗരുടെയും വൃദ്ധരുടെയും പരാതികള്‍ നേരിട്ടിറങ്ങിച്ചെന്ന് വാങ്ങി. ചികിത്സയ്ക്കും മറ്റുമുള്ള ധനസഹായങ്ങളുടെ അപേക്ഷകളാണ് ആദ്യം സ്വീകരിച്ചത്. അപ്പപ്പോള്‍ തന്നെ സഹായതുകയും രേഖപ്പെടുത്തി അതത് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ കൈമാറി. ആദ്യ ധനസഹായം ലഭിച്ചത് തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി സുരേഷിനാണ്. എഴുപത്തിയയ്യായിരം രൂപയായിരുന്നു സഹായം. ചെക്ക് കൈമാറുകയും ചെയ്തു. പിന്നില്‍ നിന്നവരെല്ലാം മുന്നിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നു.

10.50 ഓടെ മുഖ്യമന്ത്രി വീണ്ടും വേദിയിലേക്ക് കയറി. ചെറിയ ചെറിയ സംഘങ്ങളായി പരാതിക്കാരെ വേദിയിലേക്ക് കയറ്റിവിട്ടു. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ വന്‍സംഘം വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തിരക്കുകാരണം വേദിയിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഞ്ചുമിനിട്ട് ചടങ്ങ് നിര്‍ത്തിവെയ്ക്കുന്നതായും പഞ്ചായത്തംഗങ്ങളും കൗണ്‍സിലര്‍മാരും വേദിക്ക് പുറത്തേക്ക് പോകണമെന്നും വര്‍ക്കല കഹാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൈയടിയോടെയാണ് ഈ ആവശ്യത്തെ സദസ്സ് സ്വീകരിച്ചത്. ഒരു പാട് നേരത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷം കുറെപ്പേര്‍ വേദിയില്‍ നിന്ന് മാറിയതോടെ പരിപാടി വീണ്ടും ആരംഭിച്ചു. വേദിക്കുമുന്നില്‍ വീണ്ടും തിക്കും തിരക്കുമായി. മുഖ്യമന്ത്രി വേദിയുടെ ഒരുവശത്തെത്തി താഴെനിന്നവരില്‍ നിന്നും അപേക്ഷകള്‍ കൂട്ടം കൂട്ടമായി വാങ്ങിയതോടെ ഒരു മണിക്കുറിനുള്ളില്‍ നൂറുകണക്കിന് അപേക്ഷകള്‍ക്ക് പരിഹാരം നല്‍കാനായി. ഇടയ്ക്ക് വീണ്ടും സദസ്സിലേക്കിറങ്ങാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തി. ഇതിനിടയില്‍ വേദിയിലെ ബാരിക്കേഡിലെ രണ്ട് മുളകള്‍ തകര്‍ന്നിട്ടുണ്ടെന്നും എത്രയും വേഗം ഇത് ശരിയാക്കണമെന്നും കഹാറിന്റെ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ എത്തി. ഈ സമയമെല്ലാം നിരവധി പേര്‍ക്ക് ധനസഹായം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ഉച്ചഭാഷിണി വഴിയും എല്‍.സി.ഡി മോണിറ്റര്‍ വഴിയും എത്തിക്കൊണ്ടിരുന്നു. തിരക്കൊന്ന് കുറഞ്ഞതോടെ പരാതി സ്വീകരണം വേദിക്കകത്താക്കി. വികലാംഗരെ സ്ട്രക്ച്ചറിലും വീല്‍ചെയറിലും എടുത്തുകൊണ്ടും വേദിയിലേക്ക് കൊണ്ടുവന്നു. പലരെയും സ്വന്തം കസേരയിലിരുത്തി നിന്നു കൊണ്ടാണ് അപേക്ഷകള്‍ വാങ്ങിയത്.

ഉച്ചക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൊണ്ടുവന്ന പാല്‍ക്കഞ്ഞി ഒരു ഗ്ലാസ് കുടിച്ച് ഇടതടവില്ലാതെ വീണ്ടും അദ്ദേഹം പരാതികള്‍ക്കിടയിലേക്കിറങ്ങി. മൂന്നുമണിയോടെ വീണ്ടും ജനങ്ങളുടെ ഇടയിലേക്ക്. വേദിയും സദസ്സും ഒഴിയാതെ തിരക്കേറിക്കൊണ്ടേയിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ സഹായം അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തി. രാത്രി വൈകിയും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരാതികള്‍ സ്വീകരിച്ചു.