UDF

2011, നവംബർ 11, വെള്ളിയാഴ്‌ച

കോടതിവിധികളോടുള്ള സമീപനം: സി.പി.എമ്മിന് ഇരട്ടത്താപ്പ് -ഉമ്മന്‍ചാണ്ടിതിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചാല്‍ കോടതികള്‍ പരിശുദ്ധമെന്നും എം.വി.ജയരാജനെ ശിക്ഷിച്ചാല്‍ കോടതികള്‍ക്ക് വിമര്‍ശനമെന്നുമുള്ള സി.പി.എമ്മിന്റെ സമീപനം ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യത്തില്‍ പ്രധാന ഘടകമാണ് ജുഡീഷ്യറി. പലപ്പോഴും സര്‍ക്കാരിനുപോലും ജുഡീഷ്യറിയുടെ നിലപാട് പ്രയാസമുണ്ടാക്കാറുണ്ട്. എന്നാല്‍ അതൊരു ബുദ്ധിമുട്ടായി കാണുന്നതു ശരിയല്ലെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.

ജുഡീഷ്യറിയ്ക്കും അതിര്‍വരമ്പുകള്‍ വേണ്ടേയെന്ന ചോദ്യത്തിന് ജുഡീഷ്യറിക്കും അതിരുണ്ട്, അതാണ് അപ്പീല്‍ കോടതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വികാരാവേശത്തിലുള്ള എം.വി.ജയരാജന്റെ പ്രസംഗം മൂലമുണ്ടായ കേസും ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ കേസും ഒരുപോലെയാണോയെന്ന ചോദ്യത്തിന് വികാരത്തിന്റെ അടിസ്ഥാനത്തില്‍ കോടതികളെ അപമാനിക്കാമോയെന്ന മറുചോദ്യമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

കോടതികളെ വെല്ലുവിളിക്കുന്നത് ജനാധിപത്യപ്രക്രിയയ്ക്കു പുറത്തുനില്‍ക്കുന്ന തീവ്രവാദികളും മാവോയിസ്റ്റുകളുമാണ്. ഇന്ത്യയിലെപ്പോലെ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഇതിന്റെ ആവശ്യമുണ്ടോ? പ്രധാനമന്ത്രിയെവരെ എന്തും പറയാനും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍പോലും നശിപ്പിച്ച് സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യം വേറെ ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതി ശിക്ഷിച്ച എം.വി.ജയരാജന് വഴിനീളെ സ്വീകരണംനല്‍കിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയേണ്ടത് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമാണ്. ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലേക്ക് കാറില്‍ കൊണ്ടുപോയെന്ന് ആക്ഷേപിച്ചവര്‍ കുറഞ്ഞത് അന്നുപറഞ്ഞത് തെറ്റായിപ്പോയെന്നെങ്കിലും സമ്മതിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്കു നല്‍കിയതുപോലെ ശിക്ഷാ ഇളവ് എം.വി.ജയരാജനും സര്‍ക്കാര്‍ നല്‍കുമോയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഒരു തരംതിരിവുമില്ല, എല്ലാവരോടും ഒരേ സമീപനമായിരിക്കും എന്നായിരുന്നു മറുപടി.

നവംബര്‍ 14ന് ഹൈക്കോടതിക്കു മുന്നില്‍ സി.പി.എം. പ്രതിഷേധസമരം നടത്തുന്നതു സംബന്ധിച്ച ചോദ്യത്തിന് ജഡ്ജിയെ നേരത്തേ നാടുകടത്തിയവരാണ് സി.പി.എംകാരെന്നായിരുന്നു മറുപടി. സ്വാശ്രയസ്ഥാപന മേധാവികളുടെ വിരുന്നില്‍ പങ്കെടുത്തുവെന്ന ആക്ഷേപം ആ ജഡ്ജിക്കെതിരെ ഉയര്‍ന്നിരുന്നുവെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ ജഡ്ജിയെക്കുറിച്ച് വി.എസ്. പ്രകടിപ്പിച്ച അഭിപ്രായം താന്‍ പറയണോയെന്ന് മറുചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

കിളിരൂര്‍ കേസില്‍ ഇപ്പോള്‍ പുനരന്വേഷണം വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത് ഭരണത്തിലിരുന്ന അഞ്ചുവര്‍ഷം ഒന്നുംചെയ്യാതിരുന്നതിലുള്ള ജാള്യതകൊണ്ടാണ്. താന്‍ ഭരണത്തിലേറിയാല്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ കൈയാമംവയ്ക്കും, കേസിലുള്‍പ്പെട്ട വി.ഐ.പി യുടെ പേരു വെളിപ്പെടുത്തുമെന്നൊക്കെ വി.എസ്. പറഞ്ഞിരുന്നു. ശാരിയുടെ മരണത്തിന്റെ അഞ്ചാംവാര്‍ഷികദിനത്തില്‍ നിവേദനം നല്‍കാനെത്തിയ മാതാപിതാക്കളെ അന്ന് അറസ്റ്റ് ചെയ്യുകപോലും ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.