UDF

2011, നവംബർ 11, വെള്ളിയാഴ്‌ച

അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി


അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി
                


തിരുവനന്തപുരം: വിശാലമായ മൈതാനത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലേക്കു പരാതിക്കാര്‍   പ്രവാഹമായെത്തി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്ന  പരാതിപരിഹാര വേദിയില്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്ന മുഖ്യമന്ത്രിയെ തേടി നാല്‍പ്പതിനായിരത്തിലേറെ പരാതികളാണെത്തിയത്. ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരെങ്കിലും സ്‌റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ടെന്ന് അധികൃതര്‍ അനുമാനിക്കുന്നു.

രാത്രി ഏഴു വരെ തന്നെ 26,000 പരാതികള്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തി. ഇതില്‍ 16500 പരാതികള്‍ വേദിയില്‍  തന്നെ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മാത്രം അപ്പോഴേക്കും 40 ലക്ഷം രൂപ ധനസഹായമായി ഒഴുകി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയാണു ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനു കാരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  

പരിപാടി രാവിലെ എട്ടരയ്ക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ തന്നെ സ്‌റ്റേഡിയം നിറഞ്ഞു. ഓരോ കൗണ്ടറിനു മുന്നിലും നീണ്ട ക്യൂ. വികലാംഗരും വൃദ്ധരുമായ പരാതിക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടം. ഉദ്ഘാടനം  കഴിഞ്ഞപാടെ മുഖ്യമന്ത്രി താഴെ അവര്‍ക്കരികിലെത്തി. തെങ്ങില്‍നിന്നു വീണ് ശരീരം തളര്‍ന്ന സുരേഷിന്റെ പരാതിയാണ് ആദ്യം കേട്ടത്.  കച്ചവടം തുടങ്ങാന്‍ സുരേഷിന് 75,000 രൂപ അവിടെവച്ചു തന്നെ അനുവദിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ പരാതി പരിഹാര മഹായജ്ഞത്തിന് അതിവേഗമായി.

സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാം പരിഹരിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാല്‍, പരിഹരിക്കപ്പെടേണ്ട പരാതികള്‍ അറിയാതെ പോകുന്നതു ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയഭേദമെന്യേ ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യം വേദിക്ക് ഉണര്‍വു പകര്‍ന്നു. പത്തു മിനിറ്റായി വെട്ടിച്ചുരുക്കിയ ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരെ പ്രതിനിധീകരിച്ച് വി. ശിവന്‍കുട്ടി മാത്രമാണു പ്രസംഗിച്ചത്.

തലസ്ഥാന ജില്ലയെ നോക്കുകൂലി വിമുക്ത നഗരമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നോക്കുകൂലിയാണു പരാതിക്കാരുടെ ഈ പ്രവാഹത്തിനു കാരണമെന്നും, അതുകൂടി ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.