UDF

2011, നവംബർ 17, വ്യാഴാഴ്‌ച

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശചെയ്ത തുക ബജറ്റില്‍ ഉണ്ടായിരുന്നിട്ടും അത് വിതരണംചെയ്യാത്ത അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വയനാട്ടിലെ കര്‍ഷകരുടെ ദുരവസ്ഥയെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് അയച്ചിട്ടും അത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങിനെ പ്രതികരിച്ചത്. 2007-08, 2010-11 വരെയുള്ള നാലുവര്‍ഷക്കാലം ബജറ്റില്‍ കടാശ്വാസമായി വിതരണംചെയ്യാന്‍ മാറ്റിവെച്ചത് 220.8 കോടി രൂപയായിരുന്നു. എന്നാല്‍ കടാശ്വാസമായി വിതരണംചെയ്തത് 62.4 കോടി രൂപ മാത്രമായിരുന്നു. കടാശ്വാസമായി നല്‍കാന്‍ കടാശ്വാസകമ്മീഷന്‍ 89.6 കോടി രൂപ ശുപാര്‍ശചെയ്തിട്ടുള്ളതുപോലും നല്‍കാതെയാണ് പ്രതിപക്ഷ നേതാവ് കുറ്റം പറയുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കടാശ്വാസകമ്മീഷന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാതെവരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമംമൂലമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളിയപ്പോള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ 'ശതശതമാനം കേരളീയം' പദ്ധതി കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. ബുക്ക് അഡ്ജസ്റ്റ്‌മെന്റ് നടത്തി കുടിശ്ശികകൂടി മുതലില്‍ എഴുതിച്ചേര്‍ത്തു. അതിനാല്‍ കുടിശ്ശികയില്ലെന്ന പേരില്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചതുമില്ല.

എം.വി. ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സി.പി.എം. എന്തിനാണ് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയും ഹൈക്കോടതിക്ക് മുന്നില്‍ ഒരേസമയം സമരവും നടത്തുകയുംചെയ്തു. ജയരാജന് ജാമ്യം അനുവദിച്ച കോടതിവിധി കൊള്ളാം. സി.പി.എം. ജനങ്ങളോട് മാപ്പ് പറയണം. ഏത് സമരവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്തായാലും അവര്‍ സമാധാനപരമായി സമരം നടത്തിയതില്‍ സന്തോഷമുണ്ട്. ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ എതിര്‍ക്കുക, അനുകൂല വിധി വരുമ്പോള്‍ സ്വീകരിക്കുക എന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്. ജനാധിപത്യത്തിന്റെ ശക്തിയാണ് ജുഡീഷ്യറി. കോടതിതന്നെ അപ്പീല്‍ സ്വീകരിച്ചു. സി.പി.എം. അപ്പില്‍ പോകുന്നതിന് മുമ്പ് സമരം നടത്തുകയല്ലേ ചെയ്തത്.

ഈ കേസ്സില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിചേര്‍ത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. എന്തായാലും ജുഡീഷ്യറിയെ അവഹേളിക്കുന്ന സമീപനത്തോട് സര്‍ക്കാരിന് ഒരുതരത്തിലും യോജിക്കാനാവില്ല. പാമോയില്‍ കേസില്‍ ജഡ്ജിക്കെതിരെ ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതുതന്നെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ഒരു ചോദ്യത്തിന് മറുപടി നല്‍കി. അക്കാര്യത്തിലും ഇപ്പോഴത്തെ ജയരാജന്‍ സംഭവത്തിലും ഒരേ നിലപാടുതന്നെയാണ് തന്‍േറത്. എന്നാല്‍ ഒരു പ്രസ്താവനയുടെ പേരില്‍ ജോര്‍ജിനെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ.

സൗമ്യ വധക്കേസ്സില്‍ പ്രതിക്ക് പിന്തുണ ലഭിച്ചതില്‍ അസ്വാഭാവികത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും.

സൗമ്യയുടെ സഹോദരന് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത് സംബന്ധിച്ച് താന്‍ റെയില്‍വേ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തന്റെ ഒരു കത്തുകൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി. ആ കത്ത് ഇന്നുതന്നെ താന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സദാചാര പോലീസിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതിനെ കര്‍ശനമായിതന്നെ നേരിടും. ക്രമസമാധാനപരിപാലനത്തിന് ഇവിടെ പോലീസുണ്ട്. നിയമവാഴ്ചയ്ക്ക് കോടതിയുമുണ്ട്. അതിനാല്‍ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.