UDF

2011, നവംബർ 23, ബുധനാഴ്‌ച

കണ്ണൂര്‍ വിമാനത്താവളം: കൂടുതല്‍ സ്ഥലം ഉടന്‍ നല്‍കും -മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേക്ക് സുരക്ഷ ഉറപ്പിക്കാന്‍ ഇരുവശങ്ങളിലും 240 മീറ്റര്‍ കൂടി അധികമായി ആവശ്യമുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി ആറോ ഏഴോ ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്. ഉടന്‍ തന്നെ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി.

റണ്‍വേയുടെ ഇരുവശങ്ങളിലുംകൂടി 480 മീറ്റര്‍ നീളം വര്‍ധിപ്പിക്കേണ്ടതുണ്ട്. മതിയായ ഭൂമി ലഭ്യമാവാത്തതിനാല്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 2012 ജൂണില്‍ ഇത് പൂര്‍ത്തിയാവും.

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 13 ശതമാനം ഓഹരി മൂലധനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതു സംബന്ധിച്ച് രണ്ട് മാര്‍ഗങ്ങളാണ് അതോറിറ്റി മുന്നോട്ടുവെച്ചത്. അതോറിറ്റിയുടെ തന്നെ ആര്‍കിടെക്ച്ചറല്‍ വിഭാഗമോ അല്ലെങ്കില്‍ പൊതുവായി ലേലം ചെയ്ത് കൊടുക്കലോ ആണിത്. എന്നാല്‍ രൂപകല്‍പ്പനയുടെ കാര്യത്തിലും ഓഹരി മൂലധനത്തിന്റെ കാര്യത്തിലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഗ്ദാനം കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ബോര്‍ഡ് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോഴിക്കോട്-തിരുവനന്തപുരം വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ സി. എം. ഡിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ കൊച്ചി- യൂറോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സി.എം.ഡി.യോട് മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റണ്‍വേയുടെ വികസനത്തിനായി 137 ഏക്കര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയിട്ടില്ലെന്ന് മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇത് സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും ചരക്കുനീക്കത്തിനും പുതിയ ടെര്‍മിനല്‍ കെട്ടിടം സ്ഥാപിക്കാന്‍ 85 ഏക്കറും സംസ്ഥാനം കൈമാറിയിട്ടില്ലെന്ന് മന്ത്രി വലയാര്‍ രവി ചൂണ്ടിക്കാട്ടി. എത്രയും വേഗം ഇത് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാമത്തെ റണ്‍വേയില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്.) വേണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം പരിശോധിച്ചു. പ്രധാന റണ്‍വേയുടെ രണ്ടു വശങ്ങളിലും പി.ബി.എന്‍. സേവനങ്ങള്‍ ലഭ്യമായതിനാല്‍ രണ്ടാമത്തെ റണ്‍വെയില്‍ ഐ.എല്‍.എസ്. ആവശ്യമില്ലെന്ന് വയലാര്‍ രവി അറിയിച്ചു. റഡാര്‍ ഉപകരണം വാങ്ങുന്നതു സംബന്ധിച്ച കോടതി സ്‌റ്റേ മാറുന്ന പക്ഷം ഇത് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.