UDF

2011, നവംബർ 8, ചൊവ്വാഴ്ച

ശരണപാതയില്‍ മുഖ്യമന്ത്രി നടന്നു കയറി

ശബരിമല: ശരണപാതയില്‍ മുഖ്യമന്ത്രിയുടെ അതിവേഗത്തിനൊപ്പമെത്താന്‍, മന്ത്രിമാരായ ശിവകുമാറും തിരുവഞ്ചൂരും പലപ്പോഴും ബുദ്ധിമുട്ടി. നടന്നൊരു മലകയറ്റത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാല്‍ മന്ത്രി കെ.എം.മാണിയുടെ യാത്ര ഡോളിയിലായിരുന്നു.

പമ്പയിലെ തിരക്കിട്ട പരിപാടികള്‍ക്കുശേഷം വിശ്രമമില്ലാതെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മല കയറിയത്.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയില്‍ അപ്പാച്ചിമേട്ടിലും ശബരീപീഠത്തിലും മാത്രമായിരുന്നു വിശ്രമം. ക്ഷീണം തീര്‍ക്കാന്‍ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ 'ആവശ്യത്തിന് കുടിക്കുന്നുണ്ടെന്ന' മുഖ്യമന്ത്രിയുടെ മറുപടി ചിരി പടര്‍ത്തി. കാലിന് പരിക്കേറ്റശേഷം ഉമ്മന്‍ചാണ്ടിയുടെ ആദ്യ ശബരിമല യാത്രയായിരുന്നു തിങ്കളാഴ്ചത്തേത്.ഇതിന്റെ വിഷമതകളൊന്നും മലകയറ്റത്തെ ബാധിച്ചില്ലെന്നും എല്ലാം അയ്യപ്പന്‍ കാത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വികസനത്തിലെ പ്രശ്‌നം വനഭൂമിയുടെ ലഭ്യതയാണ്.യു.പി.എ.സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഈ പ്രതിസന്ധിക്ക് മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെത്തി ഉച്ചഭക്ഷണത്തിനുശേഷം മുഖ്യമന്ത്രിയും സംഘവും പോലീസ്‌മെസ്ഹാള്‍ സന്ദര്‍ശിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ക്ക് കുറവുണ്ടാകാരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ബെയ്‌ലി പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി മടങ്ങുമ്പോഴേയ്ക്കും സന്നിധാനത്ത് മഴ തുടങ്ങിയിരുന്നു. മഴയത്ത് മലയിറങ്ങിയ സംഘം ഏഴുമണിക്ക് പമ്പയിലെത്തി.