UDF

2011, നവംബർ 6, ഞായറാഴ്‌ച

അര്‍ഹമെങ്കില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കും- മുഖ്യമന്ത്രി

കോഴിക്കോട്: തീര്‍ത്തും അര്‍ഹതപ്പെട്ട പരാതികളില്‍ എ.പി.എല്‍. (ദാരിദ്ര്യരേഖയ്ക്ക് മുകളില്‍) റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. (ദാരിദ്ര്യരേഖയ്ക്ക് താഴെ) ആക്കിനല്‍കുമെന്നും ഇതിനായി മന്ത്രിസഭ പൊതുമാനദണ്ഡം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച ബഹുജനസമ്പര്‍ക്ക പരിപാടി സമാപിച്ചശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്പര്‍ക്കപരിപാടിയില്‍ 11,000ത്തില്‍പ്പരം പരാതികള്‍ ലഭിച്ചതില്‍ റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കിക്കിട്ടാന്‍ നിരവധി അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ തീര്‍ത്തും ന്യായമായ ചില പരാതികള്‍ അംഗീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ മന്ത്രിസഭ നിശ്ചയിക്കുന്ന പൊതുമാനദണ്ഡപ്രകാരം ജില്ലാകളക്ടര്‍ പരിശോധിച്ച് തീര്‍പ്പ്കല്‍പ്പിക്കും.

ശരീരം പൂര്‍ണമായി തളര്‍ന്നുകിടക്കുന്നവര്‍, ഗൃഹനാഥന്‍ മരിച്ച കേസുകള്‍, അംഗവൈകല്യം സംഭവിച്ചവര്‍, പുറമ്പോക്കില്‍ കഴിയുന്നവര്‍, പൂര്‍ണമായും വാസയോഗ്യമായ വീടുകളില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തിലാണെങ്കില്‍ അത് ബി.പി.എല്ലിലാക്കി നല്‍കും. വായ്പ എടുത്ത് ഗൃഹനാഥന്‍ മരിച്ച കേസുകളില്‍ ഉദാരമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകളോടും ധനകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപണിമുടക്കായിട്ടും ജനസമ്പര്‍ക്കപരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച ജനപ്രതിനിധികളെയും ജില്ലാഭരണകൂടത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.