UDF

2011, നവംബർ 30, ബുധനാഴ്‌ച

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി
                

   
കൊല്ലം: ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞുകൊണ്ടു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  നിയമങ്ങളും ചട്ടങ്ങളും അനുകൂലമല്ലാ തിരിക്കുമ്പോഴും പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകാതിരിക്കുമ്പോഴും മറുപടി പറയേണ്ടതു ഭരണകര്‍ത്താക്കളാണ്. നിയമവും ചട്ടവും ആവശ്യമെങ്കില്‍ മാറ്റണം. ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കണം - ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

ഒറ്റ ദിവസം കൊണ്ട് അടയുന്ന വാതിലല്ല ജനസമ്പര്‍ക്ക പരിപാടിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലം കാലാകാലങ്ങളില്‍ പരിശോധിക്കും. എല്ലാ ജില്ലയിലും ഞാന്‍ വീണ്ടും വന്നു കലക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു നടപടികള്‍ വിലയിരുത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഓരോ ജില്ലയുടെ ചുമതല നല്‍കും. 

വലിയ അനുഭവസമ്പത്താണിത്. ഭരണരംഗത്തെ കുരുക്കുകളും ജനങ്ങള്‍ എവിടെയൊക്കെ ബുദ്ധിമുട്ടുന്നെന്നും അറിയാനുള്ള അവസരം. ഡിസംബര്‍ 22ന് ആലപ്പുഴയില്‍ അവസാന ജനസമ്പര്‍ക്ക പരിപാടി കഴിയുമ്പോള്‍ 14 ജില്ലകളിലെയും പൊതുസ്വഭാവമുള്ള പരാതികള്‍ കണക്കിലെടുത്തു ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ തീരുമാനമെടുക്കും. 

എപിഎല്ലില്‍ നിന്നു ബിപിഎല്‍ കാര്‍ഡ് ആക്കാന്‍ ധാരാളം അപേക്ഷ ലഭിക്കുന്നുണ്ട്. ഇതില്‍ പലരും അര്‍ഹരാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡ സംഖ്യയാണു പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനും ആസൂത്രണ കമ്മിഷനും ഇക്കാര്യത്തില്‍ നിവേദനം നല്‍കി. ഇനി അനുമതി കാക്കാതെ വ്യവസ്ഥകളും നിബന്ധനകളും വച്ചു ബിപിഎല്ലിലേക്കു മാറാന്‍ അര്‍ഹതയുള്ളവര്‍ക്ക് അനുമതി നല്‍കും - മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍. പീതാംബരക്കുറുപ്പ്, കലക്ടര്‍ പി.ജി. തോമസ് എന്നിവരും പ്രസംഗിച്ചു.