UDF

2011, നവംബർ 30, ബുധനാഴ്‌ച

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം



കൊല്ലം: അശരണരായ ആയിരങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതികള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ജില്ലയുടെ ഭരണചരിത്രത്തില്‍ പുതിയൊരധ്യായം രചിച്ചു. ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ചു 14 മണിക്കൂറിലേറെ ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതികള്‍ കേട്ടു. വന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളാണ് എടുത്തത്.

എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ ഏറെ അപേക്ഷകരുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ കലക്ടര്‍ പി.ജി. തോമസും ഏറെപ്പേരെ ബിപിഎല്ലിലേക്കു മാറ്റാന്‍ ഉത്തരവിട്ടു. ഫാത്തിമ മാതാ കോളജില്‍ രാവിലെ 9.30ന് ആരംഭിച്ച പരിപാടി അര്‍ധരാത്രിയായിട്ടും അവസാനിച്ചില്ല. രാത്രി ഒന്‍പതു വരെയുള്ള കണക്കനുസരിച്ച് 2,100 പേര്‍ക്കു 90 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി അനുവദിച്ചു. ലഭ്യമായ കണക്കനുസരിച്ചു കൊട്ടാരക്കര താലൂക്കില്‍ 320 പേര്‍ക്കു 12.39 ലക്ഷം രൂപയും കുന്നത്തൂര്‍ താലൂക്കില്‍ 347 പേര്‍ക്കു 18.32 ലക്ഷം രൂപയും കരുനാഗപ്പള്ളി താലൂക്കില്‍ 450 പേര്‍ക്കു 19.72 ലക്ഷം രൂപയും പത്തനാപുരം താലൂക്കില്‍ 99 പേര്‍ക്ക് എട്ടു ലക്ഷം രൂപയും കൊല്ലം താലൂക്കില്‍ 700 പേര്‍ക്ക് 22.5 ലക്ഷം രൂപയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ചത്.

ഇതിനു പുറമേ വരള്‍ച്ചാ ദുരിതാശ്വാസമായി എട്ടര ലക്ഷവും മഴയില്‍ ഭാഗികമായി വീടു തകര്‍ന്നവര്‍ക്ക് 1.95 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരംം 150 പേര്‍ക്കു 15 ലക്ഷം രൂപയും വിതരണം ചെയ്തു. അന്തിമ കണക്കെടുക്കുമ്പോള്‍ ഒരു കോടിയിലേറെ രൂപ ധനസഹായമായി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ ഭരണകൂടം 90 ലക്ഷം രൂപയും 3,000 ചെക്ക് ലീഫുകളും കരുതിയിരുന്നു.