UDF

2011, നവംബർ 28, തിങ്കളാഴ്‌ച

ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കും - മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം

ആലുവ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിലവിലെ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് റവന്യൂമന്ത്രിയും ജലവിഭവ മന്ത്രിയും ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കുന്ന കാര്യം പിന്നീട് ആലോചിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം ദല്‍ഹിക്ക് പോകണമെന്ന വി.എം.സുധീരന്റെ പ്രസ്താവനയോട് ആലുവയില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന കരാറില്‍ നിന്ന് കേരളം പിന്നോട്ടുപോകില്ല. അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായ ആശങ്കകള്‍ ഇപ്പോള്‍ ഭൂചലനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. ഇതിനായി ആരും വൈകാരിക സമീപനം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.