UDF

2011, നവംബർ 12, ശനിയാഴ്‌ച

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും



ഹോട്ടലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച വിലകളില്‍ കൂടുതല്‍ ഈടാക്കുന്ന കടകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളുടെ യോഗം തിങ്കളാഴ്ചക്കകം വിളിച്ച് തീരുമാനമെടുക്കണം. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച് എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി മഫ്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം- അദ്ദേഹം പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വില നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചു.

 മണ്ഡലകാലത്തോടനുബന്ധിച്ച്‌ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സംസ്‌ഥാനത്ത്‌ ഓരോ ജില്ലയിലും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാകലക്‌ടര്‍മാരുമായും ബന്ധപ്പെട്ട മറ്റുദ്യോഗസ്‌ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി.

മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ നമ്മുടെ അതിഥികളായി കണ്ട്‌ ചൂഷണ രഹിതവും സൗഹാര്‍ദ്ധപരവുമായ സമീപനമുണ്ടാക്കണമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കര്‍ശനമായ നിരീക്ഷണവും പരിശോധനയും നടത്തണം. ഹോട്ടലുകളിലും റെസ്‌റ്റാറന്റുകളിലും സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. ഇതിനായി ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കണം. വിലവിവരം മറ്റു ഭാഷകളിലും രേഖപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണം. ഒരു വിധത്തിലുള്ള ചൂഷണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദ്ദശം നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ പരിശോധന നടത്തണം. എന്നാല്‍ പരിശോധനയുടെ പേരില്‍ മറ്റ്‌ അസൗകര്യങ്ങള്‍ സൃഷ്‌ടിക്കരുത്‌. പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാകലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

മണ്ഡലകാലത്ത്‌ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്‌ ഓണം, റംസാന്‍ സീസണിലെപ്പോലെ സിവില്‍സപ്ലൈസ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വി.എഫ്‌.പി.സി.കെ, കണ്‍സ്യൂമര്‍ഫെഡ്‌ മുഖേന വിപണികള്‍ ആരംഭിക്കുന്നതിന്‌ മുഖ്യമന്ത്രി കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അഡിഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ.ജയകുമാറിന്‌ നിര്‍ദ്ദേശം നല്‍കി.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഓണം - റംസാന്‍ കാലത്തെപ്പോലെ വില നിയന്ത്രിക്കാന്‍ നടപടിവേണമെന്ന്‌ മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗതാഗത - ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ ആവശ്യമുന്നയിച്ചിരുന്നു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരി വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന്‌ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്‌ എഫ്‌.സി.ഐയുമായി ബന്ധപ്പെട്ട്‌ നടപടി സ്വീകരിക്കണമെന്ന്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥരോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.