UDF

2011, നവംബർ 23, ബുധനാഴ്‌ച

11000 കോടി പാക്കേജിന് കേരളം


ന്യൂഡല്‍ഹി: കേരളത്തിനായി 11,002.11 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് അഭ്യര്‍ഥിച്ചു. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജ്യണല്‍ കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്​പത്രിക്ക് മികവിന്റെ കേന്ദ്രമെന്ന പദവി നല്‍കാനും തീരുമാനമായി. ഇതിനായി 150 കോടി രൂപയും അനുവദിച്ചു.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജില്‍ 2,924 കോടിയുടെ കേന്ദ്രകടം എഴുതിത്തള്ളല്‍, 477.11 കോടിയുടെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ്, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം തുടങ്ങിയവ ഉള്‍പ്പെടും.

കോയമ്പത്തൂരിലെ പാരാ മെഡിക്കല്‍ സയന്‍സ് റീജ്യണല്‍ കേന്ദ്രത്തില്‍ കേരളത്തിലെ 390 വിദ്യാര്‍ഥികള്‍ക്ക് ക്വാട്ട അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉറപ്പ് നല്‍കി. ശബരിമലയിലെ തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കും.



ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റഷനുകള്‍ക്ക് തീര്‍ഥാടക റെയില്‍വേ സ്റ്റേഷന്‍ എന്ന പദവി നല്‍കാന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.

കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി നടപ്പാക്കുന്ന കാര്യം അനുകൂലമായി പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പുനല്‍കി. ദക്ഷിണമേഖലാ വ്യവസായ മന്ത്രിമാരുടെ സമ്മേളനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. ആലപ്പുഴയില്‍ ഫിബ്രവരി 12-ന് നടക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര മേളയ്ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സഹായം നല്‍കണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു. കയര്‍ വികസനത്തിന് നിലവിലുള്ള പദ്ധതികള്‍ക്ക് അനുകൂലമായ പരിഗണന നല്‍കുമെന്നും മന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. രണ്ട് ഭാഗങ്ങളായി കിടക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ പ്രത്യേക സാമ്പത്തിക മേഖലാപദവി ഉടന്‍ നല്‍കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രവും ഉറപ്പു നല്‍കി.

റബറിന്റെ പുനര്‍നടീലിനുള്ള സബ്‌സിഡി ഹെക്ടറിന് 19,000ല്‍ നിന്നും അമ്പതിനായിരം രൂപയായി ഉയര്‍ത്തണമെന്ന് മന്ത്രി ആനന്ദ് ശര്‍മയോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എം. മാണിയെ അറിയിച്ചു. റബര്‍ ബോര്‍ഡിന്റെ ശുപാര്‍ശ കിട്ടിക്കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി.



പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ കടബാധ്യത സംസ്ഥാനങ്ങള്‍ക്കായി പരിഗണിക്കുന്ന പാക്കേജിന്റെ മാതൃകയില്‍ കേരളത്തിനും പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. പഞ്ചാബിനും ബംഗാളിനുമൊപ്പം കേരളത്തെയും 13-ാം ധനകാര്യ കമ്മീഷന്‍ ഋണബാധ്യതാ സംസ്ഥാനമായാണ് കാണുന്നത്. കടബാധ്യത നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പാക്കേജ് സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി സംസാരിക്കുമെന്നും കേരളത്തെ പരമാവധി സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയും ധനമന്ത്രി കെ.എം. മാണിയും പ്രണബ് മുഖര്‍ജിയുമായും ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദിവാസികളുടെ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തുമെന്ന് കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്ര ദേവ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്ന ആവശ്യം വിദഗ്ധരുടെ പരിഗണനയ്ക്ക്‌വിടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ തീരത്ത് വിദേശ കണ്ടെയ്‌നര്‍ കപ്പലുകളുടെ സുഗമമായ നീക്കത്തിന് സഹായകരമായ രീതിയില്‍ കബോട്ടാഷ് നിയമത്തില്‍ വേണ്ട ഭേദഗതി വരുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനത്തിന് ഇത് ആവശ്യമാണ്. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്ക് കേന്ദ്രസഹായം, അധിക വൈദ്യുതി വിഹിതം കായംകുളം താപവൈദ്യുതി, നിലയത്തിന് കുറഞ്ഞ നിരക്കില്‍ നാഫ്ത തുടങ്ങിയ ആവശ്യങ്ങളും കേരളസംഘം ഉന്നയിച്ചു.

കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനായി ആസൂത്രണ കമ്മീഷന്‍ മുന്നോട്ടുവെച്ച ചില തടസ്സങ്ങളും മറികടന്നു. സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ കൊച്ചി മെട്രോ നടപ്പാക്കുമെന്ന ഉറപ്പും മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചിട്ടുണ്ട്.

വയനാട്ടില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പം പ്രധാനമന്ത്രിയെ കണ്ട എം.ഐ. ഷാനവാസ് എം.പി. പ്രധാനന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ ട്രൈബല്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന കാര്യത്തിലും കേന്ദ്രാനുമതിയായിട്ടുണ്ടെന്ന് മന്ത്രി ജയലക്ഷ്മി അറിയിച്ചു.

2012 സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരള മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ക്ഷണിച്ചു. മന്ത്രിമാരായ കെ.എം. മാണി, പി.കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, കെ. ബാബു, എ.പി. അനില്‍ കുമാര്‍, ആര്യാടന്‍ മുഹമ്മദ്, എം.കെ. മുനീര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ് എന്നിവരും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.