UDF

2011, നവംബർ 17, വ്യാഴാഴ്‌ച

താങ്ങുവില പ്രഖ്യാപിക്കും വയനാടിനെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടി



തിരുവനന്തപുരം: പ്രതിസന്ധിയിലായ വയനാട്ടിലെ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടിക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി. വയനാട്ടിലെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്തിട്ടുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭവനനിര്‍മാണ ബോര്‍ഡ്, പട്ടിക വിഭാഗ പ്രോത്സാഹന കൗണ്‍സില്‍, പച്ചക്കറി -പഴം പ്രോത്സാഹന കൗണ്‍സില്‍ കേരള എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുക. ഈ വായ്പകള്‍ക്കു മേലുള്ള പിഴപ്പലിശ എഴുതിത്തള്ളും. വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് 10 ശതമാനം ഇളവ് നല്‍കും. യഥാസമയം വായ്പ തിരിച്ചടച്ചവരെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കിയ വായ്പകള്‍ സംബന്ധിച്ച് നേരിട്ടു തീരുമാനമെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക സംസ്ഥാനതല ബാങ്കേഴ്‌സ് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി, ധനമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ നേരിട്ട് ഈ യോഗത്തില്‍ പങ്കെടുത്ത് ബാങ്കുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കും. ഇതിനു പുറമെ സംസ്ഥാന സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ യോഗവും സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും.

കഴിഞ്ഞ ഒക്ടോബര്‍ 31 വരെയുള്ള കടബാദ്ധ്യത സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന് അധികാരം നല്‍കുന്ന വിധത്തില്‍ കാര്‍ഷിക കടാശ്വാസ നിയമം- 2006 ഭേദഗതി ചെയ്യും. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ 2006-07ലെ കടം മാത്രമേ വരികയുള്ളൂ. ഇതിന് അപേക്ഷിക്കാനുള്ള കാലാവധി 2009 മെയ് 31ന് അവസാനിക്കുകയും ചെയ്തു. ഇതിനു ശേഷം ബാദ്ധ്യത വന്നവര്‍ക്ക് അപേക്ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖല മുഖേന നല്‍കിയ വായ്പകള്‍ ക്രമീകരിക്കുന്നതിന് നബാര്‍ഡിന്റെ സഹകരണം ഉറപ്പാക്കും. വയനാട്ടിലെ മൈക്രോ ഫിനാന്‍സ് ക്രെഡിറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം പ്രത്യേകമായി പരിശോധിക്കും. വയനാട്ടിലെ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും താങ്ങുവില ഏര്‍പ്പെടുത്തുന്നതിനുമുള്ള ശുപാര്‍ശ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കി 23ന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ കൂടിയായ കെ.ജയകുമാറിനെത്തന്നെ ചുമതലപ്പെടുത്തി.

വയനാട്ടിലെ നെല്ലുസംഭരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. തങ്ങള്‍ക്കു ലഭിക്കാനുള്ള സബ്‌സിഡി പണമായി ബാങ്ക് അക്കൗണ്ട് മുഖേന കിട്ടണമെന്ന ആവശ്യം വയനാട്ടിലെ കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ സാദ്ധ്യതകള്‍ മന്ത്രിസഭ പരിശോധിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി അനുബന്ധ തൊഴിലുകളെ ഉള്‍പ്പെടുത്തുന്നതിന് നേരത്തേ തന്നെ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അതു പുതുക്കി സമര്‍പ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യും.

വയനാട്ടില്‍ കാര്‍ഷിക മേഖലയുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായി കൃഷി മന്ത്രി കെ.പി.മോഹനന്‍ ചെയര്‍മാനായി സ്ഥിരം സമിതിക്കും മന്ത്രിസഭ രൂപം നല്‍കി. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും സമിതിയുടെ കണ്‍വീനര്‍. വയനാട്ടില്‍ നിന്നുള്ള മന്ത്രി പി.കെ.ജയലക്ഷ്മി, രണ്ട് എം.എല്‍.എമാര്‍, കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം അംഗങ്ങളായിരിക്കും. രണ്ടു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും.

പഞ്ചായത്തുകളില്‍ പ്രസിഡന്റ് അദ്ധ്യക്ഷനായി കര്‍ഷകമിത്ര സമിതികള്‍ നിലവില്‍ വരും. കൃഷി ഓഫീസര്‍, വെറ്ററിനറി ഓഫീസര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഈ സമിതിയിലുണ്ടാവും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയാനും പഞ്ചായത്ത് തലത്തില്‍ തന്നെ കഴിയുമെങ്കില്‍ പരിഹാരമുണ്ടാക്കാനും ഇത് അവസരമൊരുക്കും.

കാട്ടുമൃഗ ശല്യം നിമിത്തം എത്ര നാശമുണ്ടായാലും പരമാവധി 2000 രൂപ മാത്രം നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ മാറ്റുന്ന കാര്യവും മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചു. കാട്ടുമൃഗ ശല്യം നിമിത്തമുണ്ടാകുന്ന നഷ്ടത്തിനും കൃഷി വകുപ്പിന്റെ വ്യവസ്ഥകള്‍ ബാധകമാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.