UDF

2023, ജൂൺ 16, വെള്ളിയാഴ്‌ച

കേരളത്തെ കൊന്ന 7 വർഷങ്ങൾ

 


കുറച്ച് ദിവസങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ കണ്ടൊരു വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കേൾവികുറവനുഭവിക്കുന്ന കുഞ്ഞുങ്ങളോട് ഇത്രമാത്രം ക്രൂരത, പിണറായി സർക്കാർ എന്തിന് കാണിക്കുന്നുവെന്ന് മനസിലാകുന്നില്ല ....

2011-16 ലെ, യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ശ്രുതി തരംഗം'ത്തിലൂടെ ഏകദേശം 610 ൽ പരം കുട്ടികളെയാണ് കേൾവിയുടെയും സംസാരത്തിന്റെയും ലോകത്തേക്ക് ഞങ്ങൾ കൈപിടിച്ച് കൊണ്ടു വന്നത്.  ഓരോ കുട്ടിയുടെയും ശസ്ത്രക്രിയയുടെയും അനുബന്ധ ചികിത്സയുടെയും ചിലവ് (5 ലക്ഷം രൂപ )പൂർണ്ണമായും സർക്കാർ തന്നെ വഹിച്ചിരുന്നു . പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾക്ക് തുടർ ചികിത്സയുടെ ഭാഗമായി സ്പീച്ച് തെറാപ്പിയും നൽകി.

അന്നേവരെയുള്ള എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകിയ സംഭവമായിരുന്നു അത്‌. ഒരുപാട് വേട്ടയാടലുകൾക്കിടയിലും, എന്റെ വ്യക്തി ജീവിതത്തിൽ ഓർമ്മിക്കാൻ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നായിരുന്നു അത്‌.

യാതൊരു കാരണവുമില്ലാതെ ഈ പദ്ധതിയെ ഇന്നത്തെ സർക്കാർ അട്ടിമറിക്കുകയാണ്.  'ശ്രുതി തരംഗം' പദ്ധതിയുടെ ഭാഗമായി  കുട്ടികൾക്ക് ഘടിപ്പിക്കപ്പെട്ട 'cochlear implant' ഉപകരണങ്ങൾ കാലപ്പഴക്കം മൂലം മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ. ഒരു കുട്ടിക്ക് ഏതാണ്ട് 4 ലക്ഷം രൂപയാണ് ചെലവ് വരിക. പക്ഷെ അതിന് സർക്കാർ തയ്യാറുകുന്നില്ല. കൂടാതെ പാവപ്പെട്ടവർക്ക് വേണ്ടി UDF സർക്കാർ കൊണ്ടുവന്ന 'കാരുണ്യ പദ്ധതിയും ' ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. 

ധൂർത്തിനും അഴിമതിക്കും ലോകം മുഴുവൻ പ്രസിദ്ധി നേടിയ ഇന്നത്തെ LDF സർക്കാർ, ഈ കുഞ്ഞുങ്ങളെ പരിചരിക്കാൻ മാത്രം പണമില്ലെന്ന് പറയുന്നത് എന്തിനാണെന്ന് കേരളത്തിന്‌ മനസിലാകുന്നില്ല.ഒരു പുതിയ ലോകം സ്വപ്നം കണ്ട് വളർന്നു വന്ന ആ കുഞ്ഞുങ്ങളെ വീണ്ടും ദുരിതത്തിലേക്ക്  തള്ളിവിടുന്നത് കണ്ടുനിൽക്കാൻ ഈ നാടിന് കഴിയില്ല. ആ കുടുംബങ്ങളെ കഴിയുമ്പോലെ സഹായിക്കാൻ പ്രതിപക്ഷം മുന്നിട്ടിറങ്ങും.

ശ്രുതി തരംഗം പദ്ധതി അട്ടിമറിച്ചതടക്കം, കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് കേരളത്തോട് ചെയ്ത ക്രൂരതകളിൽ LDF സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

#കേരളത്തെ_കൊന്ന_7വർഷങ്ങൾ