UDF

2012, മാർച്ച് 22, വ്യാഴാഴ്‌ച

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും


വിവിധ കാരണങ്ങളാല്‍, പ്രത്യേകിച്ച് ശിക്ഷാ കാലാവധി കഴിഞ്ഞ് ഗള്‍ഫിലെ ജയിലിലുള്ളവരുടെ മോചനത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ സൗദിയിലെ പ്രവാസികള്‍ക്ക് ഈ സംവിധാനമുണ്ടാക്കിയിരുന്നു. ഇതേ രീതിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചു.
 
്സസാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലെ സഹായം 20,000 രൂപയായി വര്‍ധിപ്പിച്ചതിന് പുറമെ പ്രവാസി പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ്, വിമാനത്താവളങ്ങളുടെ വികസനം, ബിസിനസ് സെന്‍റര്‍ എന്നിവയാണ് ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍.
 
തിരുവനന്തപുരത്ത് നടന്ന ഗ്ളോബല്‍ എന്‍.ആര്‍.ഐ മീറ്റില്‍ അന്തിമ രൂപം നല്‍കിയ ‘സ്വപ്ന സാഫല്യം’ പദ്ധതി പ്രകാരം സൗദിയിലെ ജയിലില്‍നിന്ന് മോചിപ്പിച്ച ആറു പേര്‍ ഫെബ്രുവരി 27ന് നാട്ടിലെത്തി. ഇവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയത് ദമ്മാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി.എല്‍ വേള്‍ഡാണ്. ടിക്കറ്റ് നല്‍കുമെന്ന് ഐ.ടി.എല്‍ വേള്‍ഡ് എം.ഡി സിദ്ദീഖ് അഹ്മദ് ഗ്ളോബല്‍ മീറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
 
യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍, ഇവരുടെ മോചനത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ പ്രമുഖ വ്യക്തികളുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹായം തേടും.
സാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ക്ഷേമ ബോര്‍ഡിന് കീഴില്‍ നല്‍കുന്ന ധന സഹായം വര്‍ധിപ്പിച്ചു. പെണ്‍മക്കളുടെ വിവാഹം, ചികില്‍സ, മരണാനന്തര സഹായം തുടങ്ങിയ ഇനങ്ങളില്‍ ഇപ്പോള്‍ 10,000 രൂപയാണ് അനുവദിക്കുന്നത്. ഇത് 20,000 രൂപയാക്കി. ഒന്നര കോടിയാണ് ഈ ആവശ്യത്തിന് വകയിരുത്തിയത്.

പ്രവാസികള്‍ക്ക് നിക്ഷേപം, വ്യവസായം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ തിരുവനന്തപുരത്ത് ബിസിനസ് സെന്‍റര്‍ സ്ഥാപിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. ഇതിന് 50 ലക്ഷം അനുവദിച്ചു. പ്രവാസി പങ്കാളിത്തത്തോടെ ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് 2013ല്‍ കൊച്ചിയില്‍ നടക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു.
മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചു. കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് 22 ഏക്കര്‍ കൂടി ഏറ്റെടുക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ വിമാനത്താവളങ്ങള്‍ക്ക് സാധത്യ പഠനം നടത്താന്‍ 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കും. ഭൂമി ലഭ്യമായ കൊല്ലം, കോട്ടയം ജില്ലകളില്‍ ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. അടിയന്തര സാഹചര്യങ്ങളില്‍ ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാനാണ് ഈ സംവിധാനം.