UDF

2012, മാർച്ച് 13, ചൊവ്വാഴ്ച

സിന്ധുജോയി: പരാതി കിട്ടിയാല്‍ കേസിന്‍െറ സാധ്യത പരിശോധിക്കും

സിന്ധുജോയി: പരാതി കിട്ടിയാല്‍ കേസിന്‍െറ സാധ്യത പരിശോധിക്കും

തിരുവനന്തപുരം: സിന്ധു ജോയിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം കേരളത്തിനാകെ അപമാനകരമാണെന്നും പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് വി.എസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരാതികിട്ടിയാല്‍ കേസെടുക്കുന്നതിന്‍െറ നിയമസാധ്യത പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവമാണിത്. സ്ത്രീ അവകാശ സംരക്ഷകനായി അഭിമാനിക്കുന്ന അദ്ദേഹം ഞായറാഴ്ച നടത്തിയ തിരുത്ത് ഒരാളും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 
ആദ്യസംഭവമായിരുന്നെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്‍െറ ആനുകൂല്യം കിട്ടുമായിരുന്നു. മുമ്പ് നിരവധി തവണ സ്ത്രീകളെയും നേതാക്കളെയും അപമാനിച്ചത് കേരളം മറന്നിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി വിജയന്‍െറ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്.
പിറവത്ത് ഇടതുപ്രചാരണത്തിന്‍െറ നേതാവായിട്ടാണ് വി.എസിനെ പാര്‍ട്ടി നിയോഗിച്ചത്. തെരഞ്ഞെടുപ്പിന്‍െറ മൂര്‍ധന്യാവസ്ഥയില്‍ ചുക്കാന്‍ പിടിക്കുന്ന വി.എസിന്‍െറ അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടിയുടെ പ്രതികരണം അറിയാന്‍ ആഗ്രഹിക്കുന്നു. സി.പി.എമ്മില്‍ നിന്ന് കറിവേപ്പില പോലെ എറിയുന്നവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്.


അബ്ദുല്ലക്കുട്ടി, ശിവരാമന്‍, മനോജ്, സിന്ധുജോയി തുടങ്ങി എല്ലാവരും പിന്നാക്ക വിഭാഗക്കാരാണ്. യു.ഡി.എഫില്‍ വന്നവര്‍ കറിവേപ്പില ആകില്ല. അവരുടെ സേവനം പരമാവധി പാര്‍ട്ടിക്കും സമൂഹത്തിനും വിനിയോഗിക്കും. സിന്ധുജോയി കോണ്‍ഗ്രസിലുണ്ട്. ഇപ്പോള്‍ പഠിക്കാനായി പോയതിനാല്‍ സജീവമല്ലെന്നും ആവശ്യമായ മേഖലയില്‍ സിന്ധുവിന്‍െറ സേവനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.