UDF

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്-മുഖ്യമന്ത്രി


തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗീയത വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'ഇസ്‌ലാം സമാധാനത്തിന്' എന്ന പ്രമേയത്തില്‍ കേരള നജ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്ന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം വലിയപങ്ക് വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. തരംതാണ രാഷ്ട്രീയക്കളിയില്‍ നിന്ന് സമുദായനേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് ന്യൂനപക്ഷങ്ങള്‍ സ്വീകരിക്കേണ്ടത്. മതത്തിന്റെ പേരില്‍ പ്രാകൃതവിശ്വാസങ്ങളെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാസിസത്തെ തടയേണ്ടത് മതവികാരം ഇളക്കിവിട്ടുകൊണ്ടല്ലെന്ന് ഉദ്ഘാടനം സമ്മേളനം അഭിപ്രായപ്പെട്ടു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാനുള്ള വിധ്വംസക ശക്തികളുടെ നീക്കം തടയണം. അന്ധവിശ്വാസങ്ങളെ സിദ്ധാന്തവത്കരിക്കുന്ന സംഘടിത മതപൗരോഹിത്യത്തിനെതിരെ മൗനം പാലിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതല്ല. ജീവകാരുണ്യത്തിന്റെയും വികസനത്തിന്റെയും പേരില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്-സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.