UDF

2012, മാർച്ച് 7, ബുധനാഴ്‌ച

നയതന്ത്രബന്ധത്തിന്റെ മറവില്‍ നാവികര്‍ രക്ഷപ്പെടില്ല

നയതന്ത്രബന്ധത്തിന്റെ മറവില്‍ നാവികര്‍ രക്ഷപ്പെടില്ല

 

 


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ നയതന്ത്ര ബന്ധത്തിന്റെ മറവില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇറ്റാലിയന്‍ അധികൃതരുടെ തടസ്സവാദങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായ നടപടിയാണ് ഈ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമത്തിന് ഇറ്റലി കീഴടങ്ങിയേ മതിയാകൂ. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കര്‍ശനമായ നടപടികളുടെ അടിസ്ഥാനത്തിലാണ് ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കാനും പ്രതികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞത്. ആയുധങ്ങളും കണ്ടെടുത്തു. 

കേസന്വേഷണം സുതാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് ആയുധ പരിശോധനയില്‍ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യം അനുവദിച്ചത്. നമുക്ക് കൃത്രിമ തെളിവ് ഉണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ സംയുക്ത അന്വേഷണം വേണമെന്ന ഇറ്റലിയുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. അത് നമ്മുടെ പോലീസ് തന്നെ നടത്തും. ക്യാപ്റ്റനെ ആവശ്യമെങ്കില്‍ പ്രതിയാക്കും. 

ഇറ്റലിയുടെ രേഖകള്‍പ്രകാരം തന്നെ അവര്‍ കുറ്റക്കാരാണെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചരക്ക് കപ്പലില്‍ സാധാരണ ആവശ്യമുള്ളതിലധികം ആയുധങ്ങള്‍ എന്റിക്ക ലക്‌സിയില്‍ ഉണ്ടായിരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇറ്റിലിയുടെ വാദമുഖങ്ങളെ ഓരോന്നായി ഖണ്ഡിക്കാന്‍ നമുക്ക് കഴിഞ്ഞു. ആദ്യം വെടിവെച്ചിട്ടില്ലെന്നായിരുന്നു അവരുടെ വാദം. പിന്നീട് കൊള്ളക്കാരെയാണ് വെടിവെച്ചതെന്നായി. സംഭവം നടന്നത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണെന്ന വാദവും അവരുയര്‍ത്തി. എന്നാല്‍ ഈ വാദങ്ങളൊന്നും തന്നെ വിലപ്പോയില്ല. 

12 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന വാദം ശരിയല്ല. ഈ ദൂരത്ത് കപ്പലിനകത്ത് നടക്കുന്ന സംഭവമാണെങ്കില്‍ ഒരുപക്ഷേ ഇത് ശരിയായേനെ. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചതെന്നതുകൊണ്ട് ഇന്ത്യന്‍ നിയമം ബാധകമായി. ഇത് സംബന്ധിച്ച എഫ്.ഐ.ആറില്‍ തകരാറുണ്ടെന്ന വിമര്‍ശവും ശരിയല്ല. 

ബോട്ടിലുണ്ടായിരുന്നവര്‍ 33 കിലോമീറ്റര്‍ സഞ്ചരിച്ച് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞുവെന്നാണ് എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നത്. ഈ ദൂരം ശരിയാണ്. ഇതിനര്‍ഥം സംഭവം നടന്നത് ഈ ദൂരത്താണെന്നല്ല. പോലീസ് അന്വേഷണം നടത്തി ബോധ്യപ്പെട്ട വിവരമല്ല എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നതെന്നും മൊഴിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

രണ്ടാമത്തെ സംഭവത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ സാങ്കേതികമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് നേവിയുടെ കപ്പല്‍ തടുരുകയാണ്. ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള പരിശോധനകളും നടന്നുവരുന്നു. ഉമ്മന്‍ ചാണ്ടി പറഞ്ഞു.