ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി

ഇടതുമുന്നണി സര്‍ക്കാര്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പ്പറേഷനിലും കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പിലും ചില വിഭാഗത്തിന് വിരമിക്കല്‍ പ്രായം 58 ആക്കി. മുന്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഈ ഉത്തരവുകള്‍ ഇറങ്ങിയത്. ഇടതുമുന്നണിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പെന്‍ഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളിലാണ് വിരമിക്കല്‍ പ്രായം 58 ആക്കിയത്. ഇത് നയത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് മന്ത്രിമാരായിരുന്ന എസ്.ശര്‍മയും പി. കെ. ഗുരുദാസനും വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് വിയോജിപ്പാണുണ്ടായിരുന്നതെങ്കില്‍ ആ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സമരം ചെയ്ത വരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്.സുനില്‍കുമാര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. ഉയര്‍ത്തുകയായിരുന്നെങ്കില്‍ യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു പാക്കേജ് പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം ഏകീകരിച്ചതിലൂടെ ഉണ്ടായ തെറ്റ് തിരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് -മുഖ്യമന്ത്രി പറഞ്ഞു.
സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അക്രമം നടത്തിയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.