UDF

2012, മാർച്ച് 18, ഞായറാഴ്‌ച

ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം

ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം


ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം

തിരുവനന്തപുരം: ആര്‍. ശെല്‍വരാജ് രാജിവെച്ച സംഭവത്തില്‍ തന്‍െറമേല്‍ കുതിരകയറാനാണ് സി.പി.എമ്മിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എം.എല്‍.എ സ്ഥാനം രാജിവെച്ച ശെല്‍വരാജും ‘ഫ്രീ’യാണ്. ഒരു പഞ്ചായത്ത് അംഗം രാജിവെച്ചാല്‍, വിശദീകരണയോഗം നടത്തുന്ന സി.പി.എം നെയ്യാറ്റിന്‍കരയില്‍ എം.എല്‍.എ രാജിവെച്ചിട്ടും ഒന്നുംചെയ്യുന്നില്ല. ശെല്‍വരാജിനൊപ്പം വലിയൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 
കണ്ണൂരില്‍ പാര്‍ട്ടി ശിക്ഷാവിധി നടപ്പാക്കിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് തന്‍െറ ഓഫിസിനെ കുറ്റപ്പെടുത്തേണ്ട. തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. ഓഫിസിന്‍െറ ഉത്തരവാദിത്തം തനിക്കാണ്. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്നും അറസ്റ്റിലായ രണ്ട് പേര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്നും സി.പി.എം വ്യക്തമാക്കണം. അഞ്ചുപേരെ തടഞ്ഞുവെച്ച് മൊബൈലില്‍ ചിത്രമെടുത്ത് ഏതോ കേന്ദ്രത്തിലേക്ക് അയച്ച് മറുപടി വാങ്ങിയശേഷം മൂന്ന്പേരെ വിട്ടയച്ചതായി നേരത്തെ കണ്ണൂരിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നതാണ്. നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും സി.പി.എം നിഷേധിച്ചില്ല. മരിച്ച ഷുക്കൂറിന്‍െറ സഹോദരന്‍ അറസ്റ്റിലായ ഒരാളെക്കണ്ട് ജീവന് വേണ്ടി യാചിച്ചെന്നത് മാത്രമാണ് പുതിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ അരുണ്‍കുമാറുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തില്ല. എല്ലാവരും പിറവത്തായിരുന്നതിനാല്‍ ചര്‍ച്ചക്ക് സമയം കിട്ടിയില്ല. ഇക്കാര്യത്തില്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കില്ല.


കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ ആത്മഹത്യ ചെയ്തയാള്‍ ഹോം ഗാര്‍ഡ് ആയിരുന്നില്ല. താല്‍കാലികമായി രണ്ട് മാസത്തേക്ക് നിയമിച്ച 200ഓളം സ്പെഷല്‍ പൊലീസിന്‍െറ ഭാഗമായിരുന്നു. ബജറ്റ് വന്ന ശേഷമാണ് ഇവരെ നിയമിച്ചതെന്നതിനാല്‍, ശമ്പളം നല്‍കാന്‍ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഹോം ഗാര്‍ഡിന്‍െറ ശമ്പള വിതരണത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ചീഫ് വിപ്പ് ഇപ്പോഴും സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ താമസിക്കുന്നത് അനുവദിച്ച വസതി ഏറ്റെടുക്കാത്തതിനാലാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ താമസിച്ച വീട് വേണ്ടെന്നാണ് ജോര്‍ജ് പറയുന്നത്  -മുഖ്യമന്ത്രി പറഞ്ഞു.