UDF

2012, മാർച്ച് 8, വ്യാഴാഴ്‌ച

ചൈനീസ് കപ്പല്‍ ഇടിച്ചു മരണം പുനരന്വേഷിക്കും

ചൈനീസ് കപ്പല്‍ ഇടിച്ചു മരണം പുനരന്വേഷിക്കും 

 കണ്ണൂരില്‍ 2008ല്‍ ചൈനീസ് കപ്പല്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കേസ് പുനരന്വേഷിക്കാനും മതിയായ നഷ്ടപരിഹാരം നേടിയെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞ ദിവസം ബോട്ടില്‍ കപ്പല്‍ ഇടിച്ചു മരിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക്  അഞ്ചു ലക്ഷം രൂപ വീതം നല്‍കാനും  മന്ത്രിസഭ തീരുമാനിച്ചു. പരുക്കേറ്റ രണ്ടു പേര്‍ക്ക് 25000 രൂപ വീതം നല്‍കും. 

 

എട്ടു തീരദേശ പൊലീസ് സ്‌റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കായി 56 പേരെ നിയമിക്കും.  നാവികസേനയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡില്‍ നിന്നും വിരമിച്ച മൂന്നു പേരെ ഒരു സ്‌റ്റേഷനില്‍ എന്ന ക്രമത്തില്‍ 24 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  പുറമെ പരിചയസമ്പന്നരും തദ്ദേശീയരുമായ 32 മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിക്കും. ഒരു സ്‌റ്റേഷനില്‍ നാലു പേരെന്ന ക്രമത്തിലായിരിക്കും ഇത്. 

 

കേന്ദ്ര സര്‍ക്കാര്‍ പുതിയതായി അനുവദിച്ച 10 തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിന്റെ വിശദാംശം തയാറാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. ബോട്ടുകള്‍ക്ക് ആശയവിനിമയ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചു പഠിച്ചു ശുപാര്‍ശ നല്‍കാനും ഇവരോടു നിര്‍ദേശിച്ചിട്ടുണ്ട്. ബോട്ടില്‍ കപ്പലിടിച്ചു കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നു മുഖ്യമന്ത്രി പറഞ്ഞു. നേവിയുടെ പുതിയ ടീം രംഗത്തിറങ്ങിയിട്ടുണ്ട്. 

 

2008ലെ ചൈനീസ് കപ്പല്‍ 25 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു പോയെങ്കിലും മരിച്ചയാളിന്റെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല.  അന്നത്തെ സര്‍ക്കാര്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉള്ളതായി പോലും ഭാവിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പ്രശ്‌നം വീണ്ടും ഏറ്റെടുക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കില്ല. ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവൂ- മുഖ്യമന്ത്രി പറഞ്ഞു.