UDF

2012, മാർച്ച് 13, ചൊവ്വാഴ്ച

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ 
Imageകോട്ടയം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തിരുവനന്തപുരം ഡിസിപി വി.സി. മോഹനനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കേസ് രജിസ്ട്രര്‍ ചെയ്തതിന്റെ എഫ്‌ഐആര്‍ റദ്ദാക്കിയെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.  സര്‍ക്കാരിന്റെ അറിവോടെയല്ല പൊങ്കാല ഇട്ടവര്‍ക്കെതിരേ കേസെടുത്തത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ ഡിജിപിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു  നേരത്തേതന്നെ നിയമസഭയില്‍ ഉറപ്പുനല്കിയിരുന്നതാണ്. വര്‍ഷങ്ങളായി നടക്കുന്ന ഒരു വിശ്വാസ സംഗമമാണ് ഇത്. അതിന് ഒരുവിധത്തിലും തടസമുണ്ടാക്കില്ല.  ഇതേത്തുടര്‍ന്ന് ഹൈക്കോടതിയും ആറ്റുകാല്‍ പൊങ്കാല നടത്തുന്നതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണു പൊലീസ് നടപടി. സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തെറ്റു ചെയ്തയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അനേകലക്ഷം ഭക്തരുടെ വിശ്വാസത്തിലധിഷ്ഠിതമായ പൊങ്കാല ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയത് ഖേദകരമാണ്. സംഭവം വിവാദമാക്കി ചാനലുകളില്‍ പ്രതികരിച്ചവരാരും   ഫോണില്‍ പോലും തന്നെ വിളിച്ച് വിവരം തിരക്കിയില്ല. വിവാദമുണ്ടാക്കിയവര്‍ക്ക് ചാനലുകളില്‍ കുറ്റപ്പെടുത്താന്‍ മാത്രമാണ് അവസരം മുതലാക്കിയത്. എവിടെ തെറ്റുകണ്ടാലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള മാനസികാവസ്ഥ സര്‍ക്കാരിനുണ്ട്. വീഴ്ചപറ്റിയാല്‍ അത് തിരുത്തുന്ന നിലപാടാണുള്ളത്. തെറ്റുപറ്റിയാല്‍ അത് സമ്മതിക്കുകയും തിരുത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ  സ്വീകരിച്ചുകഴിഞ്ഞു. ആറ്റുകാല്‍ പൊങ്കാല നല്ലരീതിയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ 12 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ചെലവഴിച്ചതായി ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ അവലോകനത്തിനുള്‍പ്പെടെ മുഖ്യമന്ത്രി മൂന്നു തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
 
ദേവസ്വം ബോര്‍ഡും നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍  ആറ്റുകാല്‍ പൊങ്കാല നല്ല രീതിയില്‍ നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതിന്റെ വിജയം കാണുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.