UDF

2012, മാർച്ച് 18, ഞായറാഴ്‌ച

കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല

കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല


 


 കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പട്ടുവത്ത് നടന്ന കൊലപാതകത്തില്‍ പല കാര്യങ്ങളിലും ഉത്തരം പറയാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ നടന്ന കൊലപാതകം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസാണ് പുറത്തുവിടുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്റെ ഓഫീസിനെ എന്തിനു കുറ്റംപറയണം? ഓഫീസിന്റെ എല്ലാ ചെയ്തികള്‍ക്കും ഞാന്‍ തന്നെയാണ് ഉത്തരവാദി. എന്നാല്‍ കൊലപാതകം സംബന്ധിച്ച പല കാര്യങ്ങള്‍ക്കും സി.പി.എം മറുപടി പറയേണ്ടിവരും. കൊലപാതകക്കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരുകളും പുറത്തുവന്നു. ഇവര്‍ക്ക് പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? അഞ്ചുപേരെ തടഞ്ഞുവെച്ചശേഷം അവരുടെ ഫോട്ടോ നേതാവിനെ കാണിച്ചു. നേതാവിന്റെ നിര്‍ദേശാനുസരണം മൂന്നുപേരെ വെറുതെവിടുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍, അറസ്റ്റിലായ ഒരാളെ ഫോണ്‍ ചെയ്ത് സഹായം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതൊക്കെയാണ് കണ്ണൂരില്‍ നടക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു. 

പിറവത്ത് താന്‍ നടത്തിയ റോഡ് ഷോ പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് ഷോയില്‍ വാഹനങ്ങളുടെ എണ്ണം അധികമായെന്നാണ് പ്രധാന പരാതി. എന്നാല്‍ അവയില്‍ ഏറെയും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളായിരുന്നു. ആര്‍ക്കുവേണമെങ്കിലും ആരെക്കുറിച്ചും പരാതി പറയാം. മോശം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പോലും പരാതി പറയുന്ന കാലമാണിത് - മുഖ്യമന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ഒരു എം.എല്‍.എ രാജിവെച്ചതിന് മുഖ്യമന്ത്രിയുടെ പുറത്താണ് സി.പി.എം. കുതിര കയറുന്നത്. ഒരു പഞ്ചായത്തംഗം രാജിവെച്ചാല്‍ പോലും വന്‍ ബഹളം കാണിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഒന്നും മിണ്ടാനാവാതെ നില്‍ക്കുന്നത്. ചീഫ് വിപ്പ് പി.സി.ജോര്‍ജ് സെല്‍വരാജിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി.ജോര്‍ജ് ഔദ്യോഗിക വസതിയില്‍ കഴിയുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് നേരത്തെ അച്യുതാനന്ദന്‍ താമസിച്ച വീടാണെന്നും വീടിന് വലിപ്പക്കൂടുതലെന്നുംജോര്‍ജ് പറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.