UDF

2012, മാർച്ച് 23, വെള്ളിയാഴ്‌ച

രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു

രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു

 


രാഷ്ട്രീയക്കാരെ ഭയമായതിനാലാണ് പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നതെന്ന് ഏജന്റുമാര്‍ തന്നോട് സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിപത്രങ്ങളെ ഒഴിവാക്കണമെന്ന് ഉദ്ദേശിച്ചതല്ല. പക്ഷേ പാര്‍ട്ടിക്കാരോട് പൊരുതിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുകയാണ്. സമരത്തെക്കുറിച്ച് തന്നോട് സംസാരിക്കാന്‍ വന്ന സംഘടനാ നേതാക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

പ്രതിപക്ഷ എം.എല്‍.എ. ആയ ചിറ്റയം ഗോപകുമാര്‍ ആണ് സമരക്കാരെ തന്റെ പക്കല്‍ കൊണ്ടുവന്നത്. ഗോപകുമാറിന്റെ സാന്നിധ്യത്തിലാണ് ഏജന്റുമാര്‍ വിവരങ്ങള്‍ പറഞ്ഞത്.

ഇത്തരത്തിലൊരു സമരം അതിശയകരമായി തോന്നി. പാര്‍ട്ടി സ്ഥാപനങ്ങളെയും പത്രങ്ങളെയും മാത്രം ഒഴിവാക്കിയുള്ള സമരം ആദ്യമാണ്. ഏജന്റുമാരുടെ സമരം മൂലം പത്രവിതരണം മുടങ്ങുന്ന സാഹചര്യത്തെക്കുറിച്ച് ജോസഫ് വാഴയ്ക്കന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

സി.ഐ.ടി.യു. അഫിലിയേഷനുള്ള ന്യൂസ് പേപ്പര്‍ അസോസിയേഷനാണ് സമരം നടത്തുന്നത്. സമരം നടത്താനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥിതിയിലുണ്ട്. എന്നാല്‍ സമരം ചെയ്യാതിരിക്കാനും അവകാശമുണ്ട്. മറ്റുള്ളവരുടെ അവകാശം കവരാന്‍ ആര്‍ക്കും അധികാരമില്ല. ചിലയിടങ്ങളില്‍ പത്രം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി വിവരമുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. പത്രവിതരണത്തിന് തയ്യാറുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നുവെന്ന പരാമര്‍ശം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും ഏജന്റുമാരുടെ സംഘടന സി.ഐ.ടി.യുവല്ലെന്ന് എ. കെ ബാലനും മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഇടപെട്ട് പറഞ്ഞു. എന്നാല്‍ 'ദേശാഭിമാനി'യടക്കമുള്ള പാര്‍ട്ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തന്നെ രാവിലെ കാണാന്‍ വന്ന ഏജന്റുമാര്‍ തന്നെയാണ് പറഞ്ഞത്. അസോസിയേഷന്‍ സി.ഐ.ടി.യു അഫിലിയേഷനുള്ളതാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. 

പ്രശ്‌നത്തിലിടപെടാന്‍ തൊഴില്‍ മന്ത്രിയോട് നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.