UDF

2012, മാർച്ച് 13, ചൊവ്വാഴ്ച

അനൂപ് ജേക്കബിന്റെ നോമിനേഷനില്‍ നിയമപരമായ പിശകില്ല


അനൂപ് ജേക്കബിന്റെ നോമിനേഷനില്‍ നിയമപരമായ പിശകില്ല

 

Imageതിരുവനന്തപുരം: പിറവത്തെ സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് നാമനിര്‍ദ്ദേശ പത്രികയില്‍ ചില കാര്യങ്ങള്‍ മറച്ചുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ പിശകുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് എന്തും ചെയ്യാന്‍ സിപിഎം മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ആരോപണം.
ജയിച്ചാല്‍ അനൂപ് മന്ത്രിയാകുമെന്ന് ആര്യാടന്‍ നടത്തിയ പ്രസ്താവനയായിരുന്നു ആദ്യം അവര്‍ വിവാദമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളി.
 
പിന്നീട് അനൂപിനെതിരെ അവര്‍ അപരനെ കൊണ്ടുവന്നു. അതും പാളിപ്പോയതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനൂപ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒരുകാര്യവും മറച്ചുവെച്ചിട്ടില്ല. അത് ഞങ്ങളേക്കാള്‍ നന്നായി അറിയാവുന്നത് സിപിഎമ്മിനാണ്. അവര്‍ അത് നാമനിര്‍ദേശ പത്രിക നല്‍കിയ സമയത്ത് തന്നെ അറിഞ്ഞിരുന്നതുമാണ്. പക്ഷെ അന്ന് കാര്യമാക്കിയില്ല. ഇപ്പോള്‍ പ്രചരണ രംഗത്ത് മേല്‍ക്കൈയുണ്ടാക്കാന്‍ വേണ്ടിയാണ് ഇത് വിവാദമാക്കിയത്. തികച്ചും നിയമപരമായി അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അനൂപിന്റെ പേരിലുള്ള കേസില്‍ ഇതുവരെ സമന്‍സ് നല്‍കിയിട്ടില്ല. ഇതേ കേസിലെ ഒന്നാംപ്രതി ടിഎം ജേക്കബായിരുന്നു.
 
ഈ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജേക്കബ് മല്‍സരിച്ചതും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതും മന്ത്രിയായതും. ഇതൊക്കെ അറിയാമായിട്ടും എതിര്‍ക്കാതിരുന്ന സിപിഎം ഇപ്പോള്‍ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. പിറവത്ത് ഏതടവ് പയറ്റിയാലും ഏല്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ സമന്‍സ് നല്‍കാതെ വാറണ്ട് അയക്കുന്ന പൊലീസിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുതരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണിത്. വിചാരണ തടവുകാരോടുള്ള ക്രൂരതയും ഇതേ രീതിയില്‍ തന്നെയാണ് കാണേണ്ടത്. വര്‍ഷങ്ങളായി വിചാരണ തടവുകാരായി കഴിയുന്നവരുടെ കേസുകളുടെ നടപടികള്‍ മുന്നോട്ടു നീങ്ങുന്നില്ല. അവരെ അന്വേഷിക്കാന്‍ ആരുമില്ല. കെട്ടിവെയ്ക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ ഇപ്പോഴും പലരും തടവുകാരായി കഴിയുകയാണ്. മറ്റ് നിയമ നടപടികളില്ലാത്ത വിചാരണ തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.