UDF

2012, മാർച്ച് 29, വ്യാഴാഴ്‌ച

പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും

പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും

തിരുവനന്തപുരം: പി.എസ്.സിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് പി.എസ്.സി സമര്‍പ്പിച്ച അപേക്ഷ ധനവകുപ്പിന്‍െറ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പബ്ളിക് സര്‍വീസ് കമീഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുതാര്യത കൈവരിച്ചപോലെ കാര്യക്ഷമതയും നേടണം. അതിന് സര്‍ക്കാറിന്‍െറ  പിന്തുണയുണ്ടാകും. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ആലോചിക്കണം.

പി.എസ്.സിയുടെയും സര്‍ക്കാറിന്‍െറയും ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇനി അത് ആവര്‍ത്തിക്കാത്തവിധം കാര്യക്ഷമതക്ക് മുന്‍തൂക്കം നല്‍കണം. വികലാംഗര്‍ക്ക് നല്‍കുന്നത് മൂന്നുശതമാനം സംവരണം മാത്രമാണ്. ഇത് എട്ടുവര്‍ഷമായി കൊടുത്തിട്ടില്ല. 2007 വരെയുള്ള വികലാംഗരുടെ ഒഴിവുകള്‍ 1039 എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി റിപ്പോര്‍ട്ട് ചെയ്യാനുള്ളത് 139 എണ്ണമാണ്. ഇതില്‍ 57 എണ്ണം കേസുകളുമായി ബന്ധപ്പെട്ട് തടസ്സമുള്ളതാണ്. പി.എസ്.സി വഴി 25,000നും 40,000നും ഇടയിലുള്ളവര്‍ക്ക് ജോലികിട്ടുമ്പോള്‍ കിട്ടാത്തവരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. പി.എസ്.സിയുടെ കാലതാമസം ജോലിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ലക്ഷങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയര്‍മാന്‍ ട്രെയ്നി തസ്തികയുടെ വിജ്ഞാപനം അപ്ലോഡ് ചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക്ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്നതിന്‍െറ ഭാഗമായാണ് വണ്‍ടൈം രജിസ്ട്രേഷന്‍ നടപ്പാക്കുന്നത്. പി.എസ്. സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ബിനോയ്, അംഗം കെ.എന്‍. മോഹനന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ മുഹമ്മദലി വാലഞ്ചേരി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.