UDF

2012, മാർച്ച് 26, തിങ്കളാഴ്‌ച

തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

 



കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ റൂബി ജൂബിലി ആഘോഷം കച്ചേരിപ്പടി ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കമ്പനി ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് 20 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മൊബൈലില്‍ സംസാരിക്കാന്‍ തക്ക ശേഷിയുള്ള ടവറുകളാണ് സ്ഥാപിക്കുന്നത്. തീരദേശ പൊലീസിന്റെ സ്​പീഡ് ബോട്ടുകളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളുകളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ട്. ഈ ആശങ്കയെ സര്‍ക്കാര്‍ ഗൗരവമായിട്ട് കാണുന്നു. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സുരക്ഷാ നടപടികളുമായി മുന്നോട്ടുപോകും. 

കേരളസമൂഹത്തില്‍ ലത്തീന്‍ സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.