UDF

2012, മാർച്ച് 5, തിങ്കളാഴ്‌ച

കോസ്റ്റ് ഗാര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല

കോസ്റ്റ് ഗാര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല

മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ വൈദ്യസഹായം ലഭ്യമാക്കും 

കടലിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിനു യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അത്തരത്തിലുള്ള പ്രചരണം ശരിയല്ല. 
കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടം കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കാന്‍ വൈകി. അതുകൊണ്ടാണ് അപകടമുണ്ടാക്കിയ കപ്പല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. മുങ്ങിപ്പോയ ബോട്ട് കണ്ടെടുക്കാന്‍ നേവിയുടെ പ്രത്യേക കപ്പല്‍  എത്തിയിട്ടുണ്ട്. കടലിന്റെ അടിത്തട്ട് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന പ്രത്യേക ഉപകരണം ആ കപ്പലിലുണ്ട്. മുങ്ങിയബോട്ടില്‍ കാണാതായവരുടെ ശരീരങ്ങള്‍ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക.  കൊല്ലം പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

 
അടിയന്തിരഘട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടല്‍ സുരക്ഷയുടെ ഭാഗമായി ആലോചിക്കുമെന്ന് ഉദ്ഘാടനവേളയില്‍ ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി. നേവി, കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ഓഫ് ഷിപ്പിംഗ് തുടങ്ങിയ കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും ഫിഷറീസ്, തുറമുഖം, പോലീസ് മേധാവികളുടെയും സംയുക്ത യോഗം മത്സ്യതൊഴിലാളികളുടെ സുരക്ഷഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ സുരക്ഷയില്‍ ടെലികമ്മ്യൂണിക്കേഷന് വലിയ പങ്കുണ്ട്. ഒരുലക്ഷത്തോളം മത്സ്യതൊഴിലാളികളാണ് നിത്യവും കടലില്‍ പോകുന്നത്. തൃശ്ശൂരും, കൊല്ലവും കോര്‍പ്പറേഷനാക്കി ഉയര്‍ത്തിയപ്പോള്‍ പോലീസ് സേനയെ വിഭജിച്ചു. എന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തെ വിഭജിച്ചിട്ടില്ല. ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.