ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

ന്യൂഡല്‍ഹി: കാമ്പസുകളില്‍ നിന്ന് കമ്പനികള്‍ എന്ന സ്വപ്നവുമായി ഇന്ത്യയിലെ ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ അടുത്തമാസം ഉദ്ഘാടനം ചെയ്യും. 'സ്റ്റാര്‍ട്ടപ്പ് വില്ലേജ്' എന്ന പേരില്‍ കൊച്ചിയിലാണ് നൂറു കോടി രൂപ മുടക്കി ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികളുടെ ആയിരത്തിലേറെ സംരംഭങ്ങള്‍ ഇവിടെ തുടങ്ങാനാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യസ്ഥാപനമാകും ഇത്.
കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കില്‍ കേരള സര്‍ക്കാര്‍ ഇതിനായി 15,000 ചതുരശ്ര അടി സ്ഥലം നല്‍കിക്കഴിഞ്ഞു. ഇതില്‍ ആദ്യ 5,000 ചതുരശ്ര അടി സ്ഥലത്ത് അടുത്തമാസം പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമായിക്കഴിഞ്ഞു. പദ്ധതിയുടെ പിന്നീടുള്ള വികസനത്തിനാവശ്യമായ സ്ഥലവും സര്‍ക്കാര്‍ നല്‍കും.
സ്റ്റാര്‍ട്ടപ്പ് വില്ലേജിന് 4ജി ശൃംഖലയ്ക്കുപുറമെ ഏറ്റവും ആധുനിക ടെലികോം ലാബുകളുടെ പ്രയോജനവും ലഭ്യമാകും. വീഡിയോ കോണ്‍ഫറന്‍സിങ്, ഓഫീസ് സേവനം എന്നിവയ്ക്കു പുറമെ ബൗദ്ധികാവകാശം, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലും സേവനം നല്‍കും. അമ്പതു ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ സേവന നികുതിയിളവ് ഉള്‍പ്പെടെയുള്ള സൗജന്യങ്ങളും ഇവിടെ നല്‍കും.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര-സാങ്കേതിക സംരംഭക വികസന ബോര്‍ഡ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവ ടെക്‌നോപാര്‍ക്കിലെ തന്നെ മൊബ്മി വയര്‍ലെസ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ച മൊബ്മി വയര്‍ലെസ് ഇന്ന് ഈ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നാണ്. ലാഭമുണ്ടാക്കാനല്ല, മറിച്ച് കേരളത്തിലെ യുവാക്കള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണിതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളെ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന ഇന്നവേഷന്‍ സോണും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രത്യേകതയാകും.
2006 ല്‍ ടെക്‌നോപാര്‍ക്കില്‍ തുടങ്ങിയ ഇന്‍കുബേറ്റര്‍ ആറു വര്‍ഷംകൊണ്ട് ഇന്ത്യയിലെ മികച്ചതായി മാറിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചീഫ് മെന്‍റര്‍ എന്ന നിലയില്‍ ഇന്‍കുബേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.