UDF

2012, മാർച്ച് 24, ശനിയാഴ്‌ച

സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'

സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'

 

 ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെക്കൂടി ഉള്‍പ്പെടുത്തി സ്വാശ്രയ തര്‍ക്കത്തിനു ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തിലാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പോകുകയാണ്. സ്വാശ്രയ തര്‍ക്കവും വിവാദവും ഇനി ഈ രംഗത്തെ മലിനമാക്കാന്‍ അനുവദിക്കില്ല. മാനേജ്‌മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. 

 

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കുന്ന കരാര്‍ ഫീസ് വര്‍ധനയ്ക്കും ചൂഷണത്തിനും വഴിവയ്ക്കുമെന്നാരോപിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവായിരിക്കെ 50% സീറ്റില്‍ ഗവ. ഫീസ് എന്ന ആവശ്യം ഉന്നയിച്ചു നടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പൂര്‍ണമായി മാറിയെന്നു നോട്ടീസ് അവതരിപ്പിച്ച മുന്‍ മന്ത്രി എം.എ. ബേബി ആരോപിച്ചു. 

 

പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണയാണിത്. അവര്‍ക്കു സമ്മാനപ്പൊതികള്‍ നല്‍കുകയാണെന്നും ബേബി ആരോപിച്ചു. ബേബിക്കു മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂവെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. അഞ്ചു കൊല്ലം അധികാരത്തിലിരുന്നു സ്വാശ്രയരംഗം കുളമാക്കിയ മന്ത്രിയാണ് അദ്ദേഹം. പട്ടിക വിഭാഗക്കാരുടെ ഫീസ് കാര്യം അദ്ദേഹം ഇപ്പോള്‍  വേദനയോടെ പറയുന്നു. 

 

അഞ്ചു വര്‍ഷം ഇന്റര്‍ ചര്‍ച്ച്  കോളജുകളില്‍ ഒരു സീറ്റില്‍പ്പോലും പ്രവേശനം വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. ഇതുവരെ സര്‍ക്കാരിനോടു സഹകരിക്കാതിരുന്ന അവര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കും ധാരണയ്ക്കും തയാറെന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 

 

മൂന്നു കൊല്ലം മുന്‍പ് എല്‍ഡിഎഫ് തീരുമാനിച്ചതും ഹൈക്കോടതി അംഗീകരിച്ചതുമായ മൂന്നര ലക്ഷത്തില്‍ നിന്ന് 25,000 രൂപയുടെ വര്‍ധനയേ ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളു. നാലു ലക്ഷം ഫീസ് ആക്കണമെന്നാണ് അവര്‍ പറഞ്ഞത്. 40 ലക്ഷം രൂപ വീതം ആ കോളജുകളില്‍ നിന്നു വാങ്ങി ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഫീസ് ഉറപ്പാക്കും. താഴ്ന്ന വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് സൗജന്യമുണ്ടാക്കും. പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ വഹിക്കും. 

 

എന്‍ജിനീയറിങ് കോളജുകളില്‍ 75,000 രൂപ ആയിരിക്കും ഫീസ് എന്നുള്ളപ്പോള്‍ തന്നെ ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്നു സര്‍ക്കാര്‍ ഫീസേ ഈടാക്കൂ. മൂന്നു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ് വാങ്ങി നിര്‍ധനര്‍ക്കു മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ഇതുകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടന്നു എന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും സ്വീകാര്യമായ പാക്കേജാണിത്. സ്വാശ്രയ രംഗത്ത് ഒരുതരത്തിലുമുള്ള ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ല. അതേസമയം നല്ല നിലവാരമുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക വിഭവസമാഹരണം ആ കോളജുകള്‍ക്കും സാധ്യമാകണം. 

 

ഇന്നത്തെക്കാലത്ത് ആരാണു സേവനം മാത്രം നടത്തുന്നത്? എന്നുകണ്ടു ചൂഷണം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ല. പ്രായോഗികമായിട്ടേ നീങ്ങാന്‍ കഴിയൂ. സ്വപ്നലോകത്തു തുടര്‍ന്നിട്ടു കാര്യമില്ല. അതു പ്രതിപക്ഷവും മനസ്സിലാക്കണം. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാഞ്ഞതാണു യുഡിഎഫ് ചെയ്യുന്നത് എന്നത് അംഗീകരിക്കണം-മുഖ്യമന്ത്രി ഇതു പറഞ്ഞപ്പോള്‍ ബേബിയോ പ്രതിപക്ഷനിരയില്‍ നിന്നു മറ്റാരും തന്നെയോ മറുവാദങ്ങളുമായി ഇറങ്ങിയില്ല എന്നതു ശ്രദ്ധേയമായി. സമയക്കുറവുമൂലം ഒരു ചെറിയ 'വോക്കൗട്ട് നടത്തിയിട്ടു തിരികെ വരാമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണവും അര്‍ഥഗര്‍ഭമായിരുന്നു.