UDF

2012, മാർച്ച് 24, ശനിയാഴ്‌ച

ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു

ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു
 
(File pic)
 
റാന്നി: വനത്തോടു ചേര്‍ന്നുള്ള ളാഹ വേലന്‍പ്‌ളാവു പട്ടിക വര്‍ഗ കോളനി നിവാസികളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ തയ്യാറാക്കിയ ജൈവവേലി നേരില്‍ കാണാന്‍ സംസ്‌ഥാന മുഖ്യമന്ത്രി കോളനിയിലെത്തി. ജൈവ വേലി കണ്ടതിനൊപ്പം കോളനിവാസികളുടെ ദുരിത ജീവിതം നേരില്‍ മനസ്സിലാക്കിയ മുഖ്യന്‍ അവര്‍ക്കു സഞ്ചാര യോഗ്യമായ റോഡും പ്രതിമാസ മെഡിക്കല്‍ ക്യാമ്പും സമ്മാനിച്ചാണ്‌ മടങ്ങിയത്‌.

ഇന്നു രാവിലെ ഒമ്പതരയോടെയാണ്‌ വേലംപ്‌ളാവു പട്ടികവര്‍ഗ കോളനിയിലേക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത്‌. സുതാര്യ കേരളം പദ്ധതിയില്‍ കോളനിവാസികളുടെ ദുരിത ജീവിതം കേട്ടറിഞ്ഞ മുഖ്യന്‍ തന്റെ മന്ത്രി സഭയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കോളനിക്കു ചുറ്റും ജൈവ വേലി സ്‌ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. വനത്തില്‍ നിന്നും ആനയടക്കമുള്ള മൃഗങ്ങള്‍ കോളനിയിലേക്ക്‌ ഇറങ്ങി അവരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതായി കോളനിവാസിയായ ഉഷയാണ്‌ സുതാര്യ കേരളത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചത്‌. സങ്കടം ബോദ്ധ്യപ്പെട്ട മുഖ്യന്‍ കോളനിക്കു ചുറ്റും വനത്തോടു ചേര്‍ന്നു ജൈവ വേലി നട്ടു വളര്‍ത്താന്‍ തുകയും അനുവദിച്ചിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും 1,73,000 രൂപ ഇതിനായി വനംവകുപ്പിനെയാണ്‌ ഏല്‍പ്പിച്ചത്‌. ജൈവ വേലി നിര്‍മ്മാണത്തിന്റെ ചുമതല ളാഹ-വേലന്‍പ്‌ളാവു വനസംരക്ഷണ സമിതിക്കായിരുന്നു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും മുള്‍ച്ചെടികളായ അഗൈവ, പതിമുഖം എന്നിവയുടെ 6300 തൈകള്‍ എത്തിച്ചു കോളനിക്കു ചുറ്റുമായുള്ള 2200 മീറ്റര്‍ സ്‌ഥലത്താണ്‌ ഇവ നട്ടത്‌. കഴിഞ്ഞ നവംബര്‍ 4 മുതല്‍ 19 വരെ നട്ട മുള്‍ച്ചെടികള്‍ കിളിര്‍ത്തു തുടങ്ങിയതേയുള്ളു. ഇതുവരെ 58000 രൂപ ചെലവിട്ടു മൂന്നു വരികളിലായി അടുപ്പിച്ചു നട്ട മുള്‍ച്ചെടികള്‍ വളര്‍ന്നു മുള്‍മതില്‍ രൂപപ്പെടുന്നതോടെ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്കു കോളനിയിലേക്കു പ്രവേശിക്കാന്‍ കഴിയാതെ വരും.

വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയില്‍ 23 കുടുംബങ്ങളിലായി നൂറ്റി നാല്‌പതോളം ആളുകളാണ്‌ താമസിക്കുന്നത്‌. ശബരിമല പാതയില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ നാലു മലകള്‍ക്കിടയിലായുള്ള കോളനിയിലേക്ക്‌ മണ്‍ റോഡു മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മുഖ്യമന്ത്രിക്കു കോളനി നിവാസികള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന്‌ അദ്ദേഹം കോളനിയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി ഒരു ലക്ഷം രൂപ അനുവദിച്ചു. ളാഹ എസേ്‌റ്ററ്റില്‍ കൂടിയുള്ള റോഡിന്റെ ആദ്യ രണ്ടര കിലോമീറ്റര്‍ ടാറിംഗും തുടര്‍ന്നു വനത്തിലൂടെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്ത്‌ മെറ്റലിംഗ്‌ നടത്തി സോളിംഗും കോളനിയിലെ അര കിലോമീറ്റര്‍ റോഡ്‌ കോണ്‍ക്രീറ്റിംഗും നടത്താനാണ്‌ ഫണ്ട്‌ അനുവദിച്ചത്‌.വനമേഖലയില്‍ റോഡു പണി നടത്തുന്നതിന്‌ റാന്നി ഡി.എഫ്‌.ഒ വനാവകാശ നിയമപ്രകാരം 0.6 ഹെക്‌ടര്‍ വനഭൂമിയും അനുവദിച്ചിരുന്നു.

ളാഹ - വേലന്‍പ്‌ളാവു കോളനിയില്‍ ജൈവ വേലിക്കു പുറമേ സൗരോര്‍ജ്‌ജ വേലി കൂടി സ്‌ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആതുര ശുശ്രൂഷാ രംഗത്ത്‌ അവശത അനുഭവിക്കുന്ന കോളനിവാസികള്‍ക്കായി എല്ലാ മാസവും കോളനിയില്‍ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പു നടത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാ കളക്‌ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ആദ്യമായി ഒരു മുഖ്യമന്ത്രി കോളനി സന്ദര്‍ശിച്ചതിന്റെ അമ്പരപ്പിലാണ്‌ കോളനിവാസികള്‍. മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയായിരുന്നു ഉമ്മന്‍ചാണ്ടി വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയിലെത്തിയത്‌. സൗകര്യങ്ങള്‍ ഒരുക്കേണ്ട ട്രൈവല്‍-വനം-പോലീസ്‌ വകുപ്പുകള്‍ കാര്യമായി ഒന്നു ചെയ്യാതെ മാറി നിന്നപ്പോള്‍ പെരുനാട്ടിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ സുതാര്യ കേരളം പരിപാടിയിലൂടെ കോളനിയുടെ ദുരിതം മുഖ്യനെ അറിയിച്ച ഉഷയുടെ വീട്ടുമുറ്റത്ത്‌ സേ്‌റ്റജ്‌ ഒരുക്കിയത്‌. ഇന്നു രാവിലെ ചെണ്ടമേളം തുടങ്ങിയപ്പോഴും മുഖ്യന്‍ എത്തുമെന്ന്‌ ഉറപ്പില്ലാതിരുന്ന കോളനിക്കാര്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ ആവേശത്തിലായി. എഴുപതിലധികം നിവേദനങ്ങളാണ്‌ ഇവിടെ നിന്നും മുഖ്യമന്ത്രിക്കു ലഭിച്ചത്‌. കോളനിക്കു സമീപം ളാഹ ഹാരിസണ്‍ എസേ്‌റ്ററ്റിലുള്ള അംഗന്‍വാടി കെട്ടിടത്തിന്റെ ഉത്‌ഘാടനവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇവിടുത്തെ കുട്ടികള്‍ക്കൊപ്പം ഫോട്ടോസെഷന്‍ വേണമെന്ന കോളനിക്കാരുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു നല്‍കി.