മുമ്പ് ചൈനീസ് കപ്പലിനെ വിട്ടയച്ചതുപോലെ ചെയ്യില്ല

2010 ല്‍ കണ്ണൂരില്‍ തന്നെ മറ്റൊരു കപ്പല്‍ ബോട്ടിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു കേസ് പോലുമെടുത്തില്ല. 2010 ല്‍ കൊല്ലത്ത് ഇതുപോലൊരപകടത്തില്‍ ബോട്ട് തകര്‍ന്നു. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇറ്റാലിയന്‍ കപ്പലിനെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങും.
ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ മുട്ടുവിറയ്ക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇറ്റാലിയന്‍ നാവികര്‍ക്ക് വി.ഐ.പി. പരിഗണനയാണ് നല്‍കുന്നതെന്നും ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ച് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുകയാണെന്നുമുള്ള പ്രതിപക്ഷ വിമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളെയും നാവികരെ താമസിപ്പിക്കുന്ന പോലീസ് ക്ലബ്ബിലാണ് താമസിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ചോദ്യം ചെയ്യാനുള്ള സൗകര്യം പോലീസിനുണ്ടാകണം. അവരോട് മാന്യമായാണ് പെരുമാറുന്നത്. എന്നാല്‍ ഇറ്റലി ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.