UDF

2012, മാർച്ച് 12, തിങ്കളാഴ്‌ച

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

 


അകലക്കുന്നം(കോട്ടയം):സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സാഫല്യം' ഭവന പദ്ധതിക്ക് തുടക്കമായി. ഭവനനിര്‍മ്മാണരംഗത്തെ വലിയ മാറ്റത്തിന്റെ തുടക്കമാണിതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗ്രാമങ്ങളില്‍പ്പോലും ഭൂമിവില വളരെക്കൂടുതലാണ്. സാഫല്യം പദ്ധതി പാവപ്പെട്ടവരുടെ ഭവനമോഹങ്ങള്‍ സാക്ഷാത്കരിക്കും- അദ്ദേഹം പറഞ്ഞു. 

പാവപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന പദ്ധതി, രാജ്യത്ത് ആദ്യമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീടില്ലാത്ത ഏഴു ലക്ഷത്തോളം ആളുകളുണ്ട്.സ്വന്തമായി ഒരു വീടുണ്ടാകുക അവരുടെ പ്രതീക്ഷയാണ്. അത് സഫലീകരിക്കുകയാണ് സാഫല്യം പദ്ധതിയിലൂടെ- മന്ത്രി പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ അറക്കല്‍ ബാലകൃഷ്ണപിള്ള, ഭവനസെക്രട്ടറി എ.അജിത്ത് കുമാര്‍, ജനപ്രതിനിധികളായ സൂസമ്മ കുര്യന്‍, മേരി ഫിലിപ്പ്, ബെന്നി വടക്കേടം, റോസമ്മ സാബു, മാത്തുക്കുട്ടി ഞായര്‍കുളം, ഷൈനി ജോസ്, ജിജി ജോസ്,വിക്ടര്‍ ടി. തോമസ്, ആര്‍. കെ. രവീന്ദ്രനാഥ്, ജയിംസ് ജോസഫ്, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അപ്പച്ചന്‍ വെട്ടിത്താനം എന്നിവര്‍ പ്രസംഗിച്ചു.